പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമം, തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച യുവാവിനെ സാഹസികമായി പിടികൂടി പോലീസ്
തലസ്ഥാനനഗരിയിൽ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അട്ടക്കുളങ്ങരയിൽ വച്ചാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
സ്വർണപ്പണിക്കാരനായ പ്രതിയെ ചാലയിലെ താമസസ്ഥലത്തുനിന്ന് ഫോർട്ട് പൊലീസാണ് പിടികൂടിയത്. തന്ത്രപരമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂർ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha