നിർമ്മിത ബുദ്ധി ക്യാമറക്ക് പിന്നിൽ ബാലഗോപാലും ശ്രീജിത്തും...ഇന്ന് എ.ഐ. ക്യാമറകൾ മിഴി തുറക്കാനിരിക്കെയാണ്, പിണറായി സർക്കാർ വൻ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്... പിണറായി സർക്കാർ ഇങ്ങനെ തന്നെ ദ്രോഹിക്കണമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി....

മന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തും രണ്ടാം പിണറായി സർക്കാരിൻ്റെ അന്തകരാകുമെന്ന് ചില സി പി എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി സൂചന. മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചില്ലെങ്കിലും പരിശോധിക്കുമെന്ന് ഉറപ്പു നൽകിയതായി സൂചന.ഇന്ന് എ.ഐ. ക്യാമറകൾ മിഴി തുറക്കാനിരിക്കെയാണ് പിണറായി സർക്കാർ വൻ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. നിർമ്മിത ബുദ്ധി ക്യാമറകൾ എന്ന ആശയം ഗതാഗത കമ്മീഷണറാണ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ധനമന്ത്രിയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്ന അവസ്ഥയിലായിരുന്നു. കേന്ദ്ര സഹായം പോലും നേരെ ചൊവ്വെ കിട്ടാതിരുന്ന കാലത്താണ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്.ഗതാഗത മന്ത്രി ആൻ്റണി രാജുവാകട്ടെ ഇക്കാര്യത്തിൽ ഒരു അഡ്ജസ്റ്റ്മെമെൻറ് നിലപാടാണ് എടുത്തത്.
കമ്യൂണിസ്റ്റ് സർക്കാർ സാധാരണക്കാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. അച്ഛനും അമ്മയും രണ്ടു മക്കളുമായി നാലു പേരുള്ള ഒരു സാധാരണ കുടുംബം ഇപ്പോൾ സഞ്ചരിക്കുന്നത് ഇരുചക്രവാഹനത്തിലാണ്. ഇന്നു മുതൽ നാലുപേർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാൽ ആയിര കണക്കിന് രൂപ പിഴ വരും. സാധാരണക്കാരായ തങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ച പിണറായി സർക്കാർ ഇങ്ങനെ തന്നെ ദ്രോഹിക്കണമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി.
ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ടെലിവിഷൻ ചാനലിന് നൽകിയ ഒരു മണിക്കൂർ ലൈവും വിവാദമായി. സീറ്റ് ബൽട്ടിൽ നിന്നും ഗർഭിണികളെയും കൈകുഞ്ഞുങ്ങളെയും പോലും ഒഴിവാക്കില്ലെന്ന കമ്മീഷണറുടെ വാക്കുകൾ ഞെട്ടലോടെയാണ് കേരളം കണ്ടത്. മണിക്കൂറിൽ ഇരുനൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻെറ സിൽബന്തിമാരെയും ഒഴിവാക്കി കൊണ്ടാണ് നടപടി.ഇത്തരക്കാരെ എമർജൻസി വിഭാഗത്തിലാണ് ശ്രീജിത്ത് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സീറ്റ് ബെൽറ്റിടാതെ ഓവർ സ്പീഡിൽ സഞ്ചരിക്കുകയും പാവങ്ങൾ പിഴ കടം വാങ്ങി നൽകുകയും ചെയ്യുന്ന സാഹചര്യം പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന മട്ടിൽ ഇമേജ് ഇല്ലാതായികൊണ്ടിരിക്കുന്ന പിണറായിയെ ഇല്ലാതാക്കും. കിങ്കരൻമാരുടെ ലക്ഷ്യവും ഇതുതന്നെയാണ്.
സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു കൊണ്ടിരിക്കുമ്പോഴാണ് വൈരാഗ്യപൂർവം എ ഐക്യാമറകൾ കൂടി എത്തുന്നത്. ഇന്നു മുതൽ കേരളം പുകഞ്ഞു തുടങ്ങുമെന്ന് സി പി എം നേതാക്കൾ കരുതുന്നു.നിരത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്ന് ശ്രീജിത്ത് മേനി പറയുന്നുണ്ടങ്കിലും സാധാരണക്കാർ ഇതിലൊന്നും വിശ്വസിക്കുന്നില്ല. ഒരു അപകടവും സംഭവിക്കാതെ തങ്ങൾ ഇന്നലെ വരെ സഞ്ചരിച്ചതാണെന്ന് പറഞ്ഞ് അവർ സർക്കാരിൻ്റെ എല്ലാ ഏറ്റുപറച്ചിലുകളെയും അതിജീവിക്കുന്നു.ഇത്രയും ധൃതിയിൽ എ.ഐ. ക്യാമറകൾ സ്ഥാപിക്കാൻ കാരണം കമ്മീഷനടിയാണെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്..ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ കെ.എൻ.ബാലഗോപാൽ ട്രാഫിക് പിരിവ് തുടങ്ങുമെന്ന് കേട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വന്ന മാധ്യമ റിപ്പോർട്ടുകൾ മന്ത്രി നിഷേധിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ പിഴയുടെ ഘോഷയാത്രയെത്തി.
പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യുക. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും.അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.നോ പാർക്കിംഗ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500,മൊബൈൽ ഉപയോഗിച്ചാൽ- 2000, റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും, അമിതവേഗം 1500.
നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും. കെൽട്രോൺ ഇത്തരം പദ്ധതികൾ നടപിലാക്കുന്നത് സ്വകാര്യ ഏജൻസികൾ വഴിയാണ്.
ബാലാഗോപാൽ ഏതാണ്ട് പ്രതികാരദാഹിയായ മന്ത്രിയെ പോലെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ധനമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാറുണ്ട്. തോമസ് ഐസക്കിൻ്റെ കാലത്ത് മുഖ്യമന്ത്രി ഒരു പരിധിയിൽ കൂടുതൽ ധനവകുപ്പിൽ ഇടപെട്ടിരുന്നില്ല.എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി തന്നെയാണ് 19 മന്ത്രിമാരുടെയും വകുപ്പുകൾ ഭരിക്കുന്നത്. മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമായതിനാൽ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാറില്ല. ബാലഗോപാൽ എന്ത് ചെയ്യുമ്പോഴും മുഖ്യമന്ത്രിയുടെ അനുവാദം ചോദിക്കുന്നതും പതിവാണ്.ദിലീപ് കേസിൻെറ അന്വേഷണ വേളയിലാണ് ശ്രീജിത്തിനെ സർക്കാർ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും നീക്കിയത്. ഗതാഗത കമ്മീഷണറായിട്ടാണ് നിയമനം നൽകിയത്.ചില ഉദ്യോഗസ്ഥർ ചില സീറ്റുകളിലെത്തിയാൽ അതുവരെ കാണാത്ത കാര്യങ്ങൾ പ്രതീക്ഷിക്കാൻ കഴിയും. അതാണ് ഇപ്പോൾ ഗതാഗത കമ്മീഷണറേറ്റിൽ നടക്കുന്നത്.ശ്രീജിത്തിനും സർക്കാരിനോട് കലിപ്പുണ്ട്. താൻ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്ഥലത്ത് നിന്നാണ് ഒരു സുപ്രഭാതത്തിൽ നിഷ്കാസിനൊക്കിയത്. അതിൻ്റെ വൈരാഗ്യം അദ്ദേഹം തീർക്കുകയാണെന്ന് സി പി എം നേതാക്കൾ പറഞ്ഞു നടക്കുന്നു. ജനങ്ങൾ ആകെ പൊറുതിമുട്ടിയ അവസ്ഥയിലാണ്. നികുതി കൊടുത്ത് മുടിയുന്ന ജനങ്ങൾക്ക് ഒരു നല്ല റോഡ് പോലും സർക്കാർ നൽകുന്നില്ല. എന്നിട്ടാണ് പ്രതികാര ദുർഗയെ പോലെ പിഴയടിക്കുന്നത്.'
എസ് ശ്രീജിത്ത് എന്ന മിടുക്കനായ ഐ.പി.എസ്.ഉദ്യോഗസ്ഥനെ പിണറായി വലിപ്പിച്ചത് അപ്രതീക്ഷിതമായിട്ടാണ്.. ദിലീപ് കേസിൽ കെ.രാമൻപിള്ള വക്കീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ശ്രീജിത്ത് തെറിച്ചത്.രാമൻ പിള്ളയെ തൊട്ടാൽ വിവരമറിയുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ് പിണറായിയെ അറിയിച്ചതോടെയാണ് ശ്രീജിത്തിൻ്റെ കാര്യത്തിൽ തീരുമാനമായത്. പിള്ളയെ ചോദ്യം ചെയ്താൽ നീതിന്യായ സംവിധാനം മരവിപ്പിക്കും. കോടതികളുടെ പ്രവർത്തനം നിലയ്ക്കും. രാമൻപിള്ള തൻ്റെ ഔദ്യോഗിക ക്യത്യനിർവഹണത്തിൻ്റെ ഭാഗമായി ദിലീപിൻ്റെ സഹോദരനുമായി നടത്തിയ ടെലിഫോൺ സന്ദേശമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.ഇതിൽ മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറയുന്ന ഭാഗവും ശ്രീകുമാർ മേനോനുമായുള്ള ബന്ധവും നാട്ടിൽ പാട്ടായി. ഇത് മഞ്ജു വാര്യരെ വല്ലാതെ വിഷമിപിച്ചു. ദേശീയ തലത്തിൽ അംഗീകാരമുള്ള ഒരു താരത്തെ ഇത്തരത്തിൽ അപമാനിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.ശ്രീജിത്തിനെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി തൻെറ അത്യപ്തി രേഖപ്പെടുത്തിയെന്നാണ് അക്കാലത്ത് ചില ഉദ്യോഗസ്ഥർ പറഞ്ഞത്.. താനല്ല ഓഡിയോ ക്ലിപ്പ് ചാനലുകൾക്ക് നൽകിയതെന്ന് അദ്ദേഹം അറിയിച്ചു.എന്നാൽ ശ്രീജിത്തും മാധ്യമങ്ങളും തമ്മിലുള്ള മികച്ച ബന്ധം അറിയുന്ന മുഖ്യമന്ത്രി ഇക്കാര്യം വിശ്വസിച്ചില്ലെന്നാണ് മനസിലാക്കുന്നത്. ഇതിനിടെ ഒരു ഹൈകോടതി ജഡ്ജിയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇതോടെ പേടിച്ചു. എത്രത്തോളം വിശ്വസ്തത പുലർത്തിയാലും ഒരു ചെറിയ കാര്യം കൊണ്ട് തകരാവുന്നതാണ് മുഖ്യമന്ത്രിയുമായുള്ള ബന്ധമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് മനസിലാക്കിയിരിക്കുന്നു.മുഖ്യമന്ത്രി തങ്ങളെ അഭിനന്ദിക്കുന്ന എല്ലാ അവസരങ്ങളും അവർ ഒഴിവാക്കാൻ തുടങ്ങി.. മുഖ്യമന്ത്രി അഭിനന്ദിച്ചാൽ 48 മണിക്കൂറിനകം ജോലി പോകുമെന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സ്നേഹിച്ച് കൊല്ലല്ലേ സഖാവേ എന്നാണ് അവരുടെ വിനീതമായ അപേക്ഷ.ആദ്യം ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ആ കസേര കണ്ട് പനിക്കേണ്ട എന്നാണ് നിയമസഭയിൽ ജേക്കബിനെ സംരക്ഷിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വിജിലൻസ് ഡയറക്ടറായിരുന്നു അന്ന് അദ്ദേഹം. പറഞ്ഞ് നാക്ക് വായിലേക്ക് എടുക്കുന്നതിന് മുമ്പ് ജേക്കബ് തോമസ് തെറിച്ചു. അതിന് ശേഷം മുഖ്യമന്ത്രി അഭിനന്ദിച്ചത് തച്ചങ്കരിയെയാണ്. പറഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹവും തെറിച്ചു. തച്ചങ്കരി അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.മുഖ്യമന്ത്രിക്ക് ആവശ്യമുള്ള കേസുകളെല്ലാം നോക്കിയത് അന്ന് തച്ചങ്കരിയായിരുന്നു. അദ്ദേഹത്തിന് അവസാനം കൈമാറിയത് കേരള സർവകലാശാല മാർക്ക് തട്ടിപ്പാണ്. കേരള സർവകലാശാലയിൽ തോറ്റ നൂറു കണക്കിന് വിദ്യാർത്ഥികളാണ് ജയിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. കേരള സർവകലാശാലയിലെ കമ്പ്യൂട്ടർ ശ്യംഘലയിൽ അനധികൃതമായി കടന്നു കയറിയാണ് ക്രമക്കേട് നടത്തിയത്. 16 പരീക്ഷകളിലാണ് തട്ടിപ്പ് നടത്തിയത്. ഇത് ആരാണെന്ന് ചെയ്തതെന്നോ പ്രയോജനം എത്ര പേർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിരുന്നില്ല.
സ്ഥലം മാറി പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ. ഡി ഉപയോഗിച്ചാണ് ക്യതിമം നടത്തിയത്. തോറ്റ രണ്ട് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. 2016 മുതലാണ് ക്രമക്കേട് കണ്ടെത്തിയത്. അതായത് ഇടതുസർക്കാർ അധികാരത്തിലെത്തിയത് 2016ലാണ്. ക്രമക്കേട് നടന്നത് ഇ എസ് സെക്ഷനിലാണ്. സർക്കാരുകൾ അധികാരത്തിലെത്തുമ്പോൾ അവരുടെ വിശ്വസ്തരെയാണ് ഇത്തരം സെക്ഷനുകളിൽ നിയമിക്കാറുള്ളത്. 2016 ൽ സർക്കാർ മാറി വന്നപ്പോൾ തന്നെ ഇടതു സംഘടനയിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തിയെന്നു വേണം കരുതാൻ. പരീക്ഷാ റിസൾട്ട് സംബന്ധിക്കുന്ന സെക്ഷനുകളിൽ ഇത്തരം മാറ്റങ്ങൾ ഏത് സർക്കാർ വന്നാലും ചെയ്യാറുണ്ട്.
പരീക്ഷാ കൺട്രോളർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിലും അതത് സർക്കാരുകൾ അവർക്ക് വേണ്ടെപ്പെട്ടവരെയാണ് നിയമിക്കാറുള്ളത്. അധികാരം ഏറ്റാൽ ഉടൻ നിയമിച്ചവരെ സഹായിക്കാനുള്ള നീക്കങ്ങൾ ഇവർ ആരംഭിക്കുന്നു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഇത്തരം ക്രമക്കേടുകൾ കാണിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരെ കൃത്യമായി ചോദ്യം ചെയ്താൽ കണ്ടുപിടിക്കാവുന്ന കുറ്റകൃത്യം ആണിത്. എന്നാൽ ആരോപണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ആരെയും ചോദ്യം ചെയ്തില്ല. ഇതിൽ നിന്നും കുറ്റവാളികൾ ആരാണെന്ന് മനസിലാക്കാം. അതായത് എസ് എഫ് ഐയും ഇടതു സംഘടനയും തന്നെയാണ് സംശയ നിഴലിൽ ഉണ്ടായിരുന്നത് ഇടത് സംഘടന അറിയാതെ മാർക്ക് ദാനം നടത്താനാവില്ല. ഇടത് സംഘടന അഴിമതി നടത്തണമെങ്കിൽ അത് തങ്ങളുടെ ബന്ധുക്കൾക്കോ പാർട്ടികാർക്കാ വേണ്ടിയായിരിക്കും. കോൺഗ്രസുകാരെയാണ് അവർ സഹായിച്ചിരുന്നതെങ്കിൽ അക്കാര്യം എപ്പോഴേ പുറത്തുവരുമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെ അതും ഒതുങ്ങി.
നേരത്തെ വിജിലൻസിൽ ജേക്കബ് തോമസിനെ മേധാവിയാക്കിയത് സർക്കാരിന്റെ സ്വന്തം കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ജേക്കബ് അതിന് തയ്യാറാതിരുന്നതോടെ അദ്ദേഹം തെറിച്ചു. എന്നാൽ തച്ചങ്കരി അങ്ങനെയായിരുന്നില്ലപ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഒരു കേസ് എങ്ങനെ തീർക്കണം എന്ന് അദ്ദേഹത്തിന് നന്നായറിയാം.ഇക്കാര്യം മുഖ്യമന്ത്രിക്കുമറിയാം. ഇടത് - വലത് സർക്കാരുകൾക്ക് തച്ചങ്കരി പ്രിയപ്പെട്ടവനായത് അങ്ങനെയാണ്. എന്നാൽ രണ്ടാം പിണറായി സർക്കാർ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷൻ ഡി ജി പിയാക്കി ഒതുക്കി തീർത്തു.ജേക്കബ് തോമസ് വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ പേരിലുള്ള കേസുകൾ തീർന്നിട്ടില്ല. ശ്രീജിത്ത് സി പി എം വിശ്വാസിയാണ്. പിണറായിക്ക് ഏറെ വിശ്വസ്തനാണ് അദ്ദേഹം. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫുമായുള്ള ബന്ധമാണ് 2001 ലെ യു ഡി എഫ് കാലത്ത് ശ്രീജിത്തിന് വിനയായത്. അദ്ദേഹം കോൺഗ്രസിൻ്റെ കണ്ണിലെ നോട്ട പുള്ളിയായി. 2011 ലെ കോൺഗ്രസ് മന്ത്രിസഭാ കാലത്ത് അദ്ദേഹം സസ്പെൻഷനിലായി. തുടർന്ന് തിരിച്ചെടുത്ത് മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ചു.ഒന്നാം പിണറായി സർക്കാരാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലെത്തിച്ചത്. കുറ്റാന്വേഷണങ്ങൾക്ക് പുതിയ മുഖം നൽകിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.
മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ആയിരുന്നു നയിച്ചത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു. ഇവരുടെ അന്വേഷണം. വയനാട് മുട്ടിൽ പ്രദേശം ഉടൻ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രനും സിപിഐയും തമ്മിൽ കോർത്ത സമയത്താണ് അന്വേഷണം തുടങ്ങിയത്. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഇതെല്ലാം ശ്രീജിത്ത് ഇല്ലാതാക്കി.മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും കുറ്റക്കാര്‍ പിടിക്കപെടും എന്നും ശ്രീജിത്ത് വ്യക്തമാക്കിയതോടെ അദ്ദേഹവും തെറിച്ചു.ഇങ്ങനെയുള്ള പിണറായിക്ക് എങ്ങനെയാണ് ഉദ്യോഗസ്ഥർ പണികൊടുക്കാതിരിക്കുക? ഏതായാലും നിർമിത ബുദ്ധി ക്യാമറ ആരുടെ ആശയമായാലും പിണറായിയെ ഈ പദ്ധതി നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
https://www.facebook.com/Malayalivartha























