ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി.... സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്....

വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്.
സർക്കാർ വക യാത്രയയപ്പ് ജുഡീഷ്യൽ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഉപകാരസ്മരണയാണ് സർക്കാർ നടത്തിയതാണെന്നും സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസെടുത്ത നടപടികളെക്കുറിച്ച് കൂടി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
ജസ്റ്റിസ് എസ് മണികുമാർ ഇരുപത്തിമൂന്നിനാണ് വിരമിക്കുന്നത്. കോവളം ലീല ഹാേട്ടലിലായിരുന്നു അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ എൻ ബാലഗോപാലും പി രാജീവും പങ്കെടുത്തിരുന്നു.
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിന്റെ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത വിവാദം കെട്ടടങ്ങും മുമ്പേയാണ് പതിവുകൾ തെറ്റിച്ച് ചീഫ് ജസ്റ്റിസിന് സർക്കാരിന്റെ യാത്രയയപ്പ്. കേസ് പരിഗണനയിലിരിക്കെ ന്യായാധിപരുടെ വിരുന്നിലെ സാന്നിധ്യം ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ് ശശികുമാർ ആരോപിച്ചിരുന്നു.
വിരുന്നിനെ കുറിച്ചുള്ള സർക്കാറിന്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേരോ ചിത്രമോ ഉൾപ്പെടുത്തിയിരുന്നില്ല. ദുരിതാശ്വാസ നിധി ഫണ്ടു വിനിയോഗ കേസിലെ വിധിയിൽ പരക്കെ ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും എതിർകക്ഷികളായുള്ള കേസ് പരിഗണിക്കെ ഇരുവരും വിരുന്നിനെത്തിയതിനെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്. .
https://www.facebook.com/Malayalivartha























