ഇരമ്പിയാർന്ന് കാലവർഷം.... കേരളത്തെ പിടികൂടി രണ്ട് പ്രതിഭാസങ്ങൾ... ഇടിയോട് കൂടിയ മഴയും ചൂടും

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുളള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുളള ജില്ലകളില്‍ ഇന്ന് (മെയ് 18) ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും കൂടും. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. പകൽ 11ന് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഉയർന്ന താപനില. ഈ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദേശമുണ്ട്.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് 80 % ആയതോടെ തീരദേശ ജില്ലകളിൽ പലയിടത്തും ഇന്നലെ 48 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. പടിഞ്ഞാറൻ കാറ്റ്, അറബിക്കടലിൽ നിന്ന് വലിയതോതിലാണ് ഈർപ്പം എത്തിക്കുന്നത്.
ഈർപ്പം കുറവായതിനാൽ, വടക്കൻ ജില്ലകളിൽ ചൂട് ഉയർന്നിട്ടില്ല. തമിഴ്നാട്ടിൽ ചൂട് 44 ഡിഗ്രിയായി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
പുതിയ സാഹചര്യത്തിൽ പാലക്കാട് അടക്കം എട്ടു ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സാധാരണ ഈ സമയത്ത് വടക്കുകിഴക്കൻ കാറ്റാണ് പതിവുള്ളതെങ്കിലും കാലവർഷത്തിന്റെ സൂചനകൾ നൽകി വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് വേനല്‍ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ഇപ്രകാരമാണ്:-
* പൊതുജനങ്ങള്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
* വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
https://www.facebook.com/Malayalivartha
























