ട്രഷറി പൂട്ടും; ശമ്പളം മുടങ്ങും... മുഖ്യമന്ത്രിക്ക് ബാലഗോപാലിന്റെ കത്ത്: പക്ഷേ സഖാവ് അമേരിക്കയ്ക്ക് പോകും

സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മാറ്റിവയ്ക്കേണ്ടി വരുമെന്ന് ധനവകുപ്പ്. ട്രഷറി ക്യത്യമായ ഇടവേളകളിൽ പൂട്ടാനാണ് സാധ്യത. ഈ സാമ്പത്തിക വർഷം കേരളത്തിന് എടുക്കാവുന്ന വായ്പയിൽ കേന്ദ്ര സർക്കാരിന്റെ കടും വെട്ട് സംഭവിച്ച സാഹചര്യത്തിലാണ് ധനവകുപ്പ് പിടിമുറുക്കാൻ തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാനത്തിൻെറ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കൃത്യമായ വിവരം സംബന്ധിച്ച് ഒരു റിപ്പോർട്ടുണ്ടാക്കാൻ ധനമന്ത്രി വകുപ്പുതലവൻമാർക്ക് നിർദ്ദേശം നൽകി . മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
കേരളത്തെ കുറിച്ച് ധനമന്ത്രി നിർമല സീതാരാമന് ഒരു അഭിപ്രായവുമില്ല. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിച്ചു പറയുന്നുവെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി ആവർത്തിക്കുന്നു..
ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ചവരുത്തുകയാണ്. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് നിർമല സീതാരാമൻ വിമർശിച്ചു. ഇതാണ് കടമെടുപ്പ് പരിധിയിെയെയും ബാധിച്ചത്.
കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്പയെടുക്കാനേ കേന്ദ്രത്തിൻറെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.
സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകും. 32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷെ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 23000 കോടിയായിരുന്നു.
അതായത് കഴിഞ്ഞ വർഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സർക്കാരിന്റെ കടും വെട്ട്.
ഈ വർഷം ഡിസംബർ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വർഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ നിലവിൽ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. മൂന്ന് മാസത്തെ കുടിശ്ശികയായി. വായ്പാ പരിധിയിൽ പകുതിയോളം കുറഞ്ഞതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകും.
ക്ഷേമപെൻഷൻ അടക്കം മുടക്കി സംസ്ഥാനത്തെ ജനങ്ങളെ സർക്കാരിന് എതിരാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2024 ൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തെ കുറ്റം പറയാനാവില്ല. സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് പിണറായി സർക്കാരിൻ്റെ തീരുമാനം. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്.
റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 7000 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധി കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകാം. കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതു കേന്ദ്രമാണെന്ന് പറഞ്ഞ് ധനമന്ത്രി ബാലഗോപാൽ കൈയൊഴിയാൻ ശ്രമിക്കുന്നു. ഏറ്റവും മോശപ്പെട്ട ധനമന്ത്രി എന്ന നിലയിലേക്കാണ് ബാലഗോപാൽ നീങ്ങുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന് പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്.
കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഉണ്ട്.
ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി.
കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്.
അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്. ശമ്പളവും പെൻഷനും മുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു.
വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.
ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി.
ഇതിനു പുറമേ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ താൽക്കാലികമായി വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അതല്ല സ്ഥിതി. കോവിഡ് അകന്നു. വരുമാനത്തിൽ നേരിയ വർധനയുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കുതിപ്പില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയും കുത്തനെ കുറഞ്ഞു. അങ്ങനെ ഐസക് ചൂണ്ടിക്കാട്ടിയ കഷ്ടകാലത്തിലെത്തി നിൽക്കുകയാണിപ്പോൾ കേരളം. പ്രതിമാസം വിതരണം ചെയ്യാൻ തീരുമാനിച്ച ക്ഷേമ പെൻഷൻ മുടങ്ങി. ഗുരുതരാവസ്ഥ തുടർന്നാൽ ശമ്പള വിതരണത്തെയും പ്രതിസന്ധി പിടികൂടും.
കേന്ദ്രത്തിൽനിന്നു ധനകാര്യ കമ്മിഷന്റെ തീർപ്പു പ്രകാരവും മറ്റു മാർഗങ്ങൾ മുഖേനയും നമുക്കു ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണെന്നതാണ് കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യകാരണം. മറ്റു സംസ്ഥാനങ്ങൾക്ക് അവരുടെ റവന്യു വരുമാനത്തിന്റെ പകുതിയോളം ധനസഹായമായി നൽകുന്ന കേന്ദ്രം, കേരളത്തിന് 30 ശതമാനത്തിൽ താഴെമാത്രമാണു നൽകുന്നത്. ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങൾ നമുക്ക് അനുയോജ്യമല്ല. കേന്ദ്രം തരുന്ന മൊത്തം ധനസഹായത്തിന്റെ 60 മുതൽ 70% വരും ധനകാര്യ കമ്മിഷൻ ഗ്രാന്റ്. ബാക്കി കേന്ദ്രാവിഷ‍്കൃത പദ്ധതികളാണ്. ഇവിടെയാണ് കൊടിയ വിവേചനം.
സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒന്നിലധികം തവണ ധനമന്ത്രി തന്നെ പറഞ്ഞതു വലിയൊരു കാര്യമാണ്. കേന്ദ്ര– സംസ്ഥാന ബന്ധത്തിലെ അസന്തുലിതാവസ്ഥയും സംസ്ഥാനങ്ങളുടെ പരിദേവനങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാലേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ.
ജിഎസ്ടി നഷ്ടപരിഹാരം തുടരണം എന്ന ആവശ്യം ഇത്തരത്തിൽ എല്ലാ സംസ്ഥാനങ്ങളും ചേർന്ന് ഉന്നയിക്കേണ്ട ആവശ്യമാണ്. പക്ഷേ, ഇവിടെ സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് പിരിച്ചെടുക്കേണ്ട നികുതിയും നികുതി ഇതര വരുമാനവും പിരിച്ചെടുക്കുക എന്നതാണ്. കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടു പങ്കുപോലും ഇപ്പോൾ പിരിച്ചെടുക്കുന്നില്ല. ഉദാഹരണത്തിന്, സ്വർണം. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ പരിഹാരം ഉറപ്പാണ്. എന്നാൽ മുതലാളിമാർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കും.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കണമെന്ന ആശയമാണ് ആദ്യം കെ.എൻ.ബാലഗോപാൽ മുന്നോട്ടുവച്ചത്.എന്നാൽ അത് മുഖ്യമന്ത്രി അംഗീകരിച്ചില്ല അതോടെ മന്ത്രി കലിച്ചു. എങ്കിൽ ശമ്പളവും പെൻഷനും മുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിൽ ആയിക്കോട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതത്രേ.
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നതിൽ പുതുമയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ക്ഷേമപെൻഷൻ മുടങ്ങരുതെന്ന് മാത്രമാണ് മുഖ്യമന്ത്രിക്കുള്ളത്. ക്ഷാമബത്താ കുടിശികയും ശമ്പള പരിഷ്ക്കരണ കുടിശികയും സർക്കാർ നൽകാത്തത് ഈ സാഹചര്യത്തിലാണ്. സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി. എന്നാൽ ധനമന്ത്രിക്ക് അങ്ങനെയൊരു ധാരണയില്ല. സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന വിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്.
സർക്കാർ അനുദിനം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അതിസങ്കീർണമായ പ്രതിസന്ധി മറികടക്കണമെങ്കിൽ ഇത്തരം മാർഗ്ഗങ്ങൾ മാത്രമാണ് പരിഹാരമെന്ന് സർക്കാർ കരുതുന്നു. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളിൽ ഒരു കുറവുമുണ്ടാകാൻ തരമില്ല.
അടുത്ത മാസം മുഖ്യമന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവർ അമേരിക്ക സന്ദർശിക്കാനിരിക്കുകയാണ്.പുര കത്തുമ്പോൾ പിണറായി വീണ വായിച്ചു കൊണ്ടേയിരിക്കും. കേന്ദ്ര സർക്കാരിൻെറ സമീപനത്തിൽ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. കേരളം സാമ്പത്തിക കെടുകാര്യസ്ഥത തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
https://www.facebook.com/Malayalivartha





















