പിണറായി കപ്പല്‍ വല്ലാതെ ഉലയുന്നു വൈകാതെ കപ്പല്‍ കടലില്‍ തകരും

ഈ കപ്പല്‍ ഉലയുകില്ലെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണായുധം. നാലു അരിക്കിറ്റ് കൈയില്‍ കിട്ടിയവരൊക്കെ വിചാരിച്ചു കപ്പല്‍ ഒരിക്കല്‍പോലും ഉലയുകയില്ലെന്നും അരിയും അരിപ്പൊടിയും മുളകുപൊടിയുമൊക്കെ എല്ലാ മാസവും കിട്ടിക്കൊണ്ടിരിക്കുമെന്ന്. ശരിക്കും കിറ്റിലെ മുളകുപൊടി വോട്ടര്‍മാരുടെ കണ്ണില്‍ എറിഞ്ഞാണ് പിണറായി വിജയന്‍ സഖാവ് രണ്ടാം തവണയും വീരപുരുഷനായി മാറിയത്.
പിണറായി കപ്പിത്താനായ കപ്പല്‍ ഉലയുകയല്ല ഇപ്പോഴിതാ അടിത്തട്ട് പൊളിഞ്ഞ് കടലില്‍ പതിക്കാന്‍ ഇനി അധികദിവസംകൂടി വേണ്ടിവരില്ല.
ഓണത്തിന് അരിക്കിറ്റ് മഞ്ഞക്കാര്‍ഡുകള്‍ക്കേയുള്ളുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആ നിലയില്‍ കേരളത്തിലെ അഞ്ചു ശതമാനം മാത്രം ജനങ്ങള്‍ക്ക് മാത്രം ഭക്ഷ്യകിറ്റ്. ബാക്കിയുള്ളവര്‍ക്ക് തട്ട് എന്ന മട്ടിലാണ് പിണറായി സര്‍ക്കാരിന്റെ നയം. സര്‍ക്കാരിന്റെ ധൂര്‍ത്തടിയുടെ ഫലമാണ് ഖജനാവ് കാലിയാകാന്‍ കാരണമെന്ന് പൊതുജനം വിധിച്ചിരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടും അദ്ദേഹത്തിന്റെ മൃതദേഹം ഒരു നോക്കുകാണാനുള്ള ജനങ്ങളുടെ തിരയിളക്കവും കണ്ട ഞെട്ടലിലാണ് പിണറായി സഖാലിപ്പോള്‍. സിപിഎം സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു ആ ജനസഞ്ചയം. ഇഎംഎസിനും ഇകെ നായനാര്‍ക്കും ലഭിക്കാത്ത അന്തിമോപചാരം കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കു നല്‍കി എന്ന തിരിച്ചറിവില്‍ സിപിഎം ആകെ ഞെട്ടിയിരിക്കുന്നു.
അവനാന കാലത്ത് സോളാര്‍ തട്ടിപ്പ് കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം കളവായിരിന്നുവെന്നും ആ രാഷ്ട്രീയക്കളിയിലേക്കുള്ള മുടക്കുമുതല്‍ പാര്‍ട്ടിയുടെതായിരുന്നുവെന്നും സരിതയുടെ ആരോപണക്കളി സിപിഎം സ്‌പോണ്‍സേഡ് നാടകമായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ദേശാഭിമാനിയിലെതന്നെ സിപിഎം സഹയാത്രികനും എംഎം ലോറന്‍സിന്റെ മകളുമൊക്കെ ഇക്കാര്യം ലോകത്തോട് വിളിച്ചുപറയുകകൂടി ചെയ്തതോടെ പാര്‍ട്ടി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നു.
രോഗിയും വൃദ്ധനുമായ ഒരാളെ പെണ്ണുപിടിയനും വെറിയനും കള്ളനുമായി അവതരിപ്പിച്ച രാഷ്ട്രീയ ആക്ഷേപത്തിന് കാലം കാത്തിരുന്നു മറുപടി പറയുമെന്നും സോളാര്‍ ആക്ഷേപത്തിന് തിരിച്ചടിയുണ്ടാകുമെന്നും പിണറായി മനസിലാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയിട്ടില്ലെന്നും സിപിഎം നേതാക്കളാണ് കേരളത്തില്‍ എക്കാലവും വേട്ടയാടപപ്പെട്ടിട്ടുള്ളതെന്നും എല്‍ഡിഎ് കണ്‍വീനര്‍ ഇപി ജയരാജന്‍ വീമ്പളിക്കിയിട്ടുണ്ട്. മാത്രവുമല്ല പിണറായി വിജയനാണ് കേരളത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ വിടുവാ പറഞ്ഞിരിക്കുന്നു. ചിറ്റപ്പന്‍ എന്തൊക്കെ പറഞ്ഞാലും ശക്തമായിരിക്കുന്ന ജനവികാരത്തെ ചെറുക്കാനാവില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു.
പിടി തോമസിനു പകരം ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചതുപോലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനായിരിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്.
ചാണ്ടി ഉമ്മനെ നേരിടാന്‍ മുന്‍പ് ഉമ്മനെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചിട്ടുള്ള സിപിഎമ്മിലെ റെജി സഖറിയയോ, ജെയ്ക് സി തോമസോ ആയിരിക്കുമെന്നതും ഏറെക്കുറെ ഉറപ്പാണ്. വ്യക്തിപരമായ ആരോപണശരങ്ങള്‍ സിപിഎം ഏറെ ഉന്നയിക്കുകയും ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമേ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കു നേടാനായുള്ളു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥി ചാണ്ടി ഉമ്മനെങ്കില്‍ പിണറായിക്കെതിരെയുള്ള ജനവിധിയായി പുതുപ്പള്ളി മാറുമെന്ന് തീര്‍ച്ചയാണ്. ആ ജനവിധിയെ സിപിഎം വല്ലാതെ ഭയപ്പെടുന്നുമുണ്ട്.
അതേ സമയം സ്വപ്‌നാ സുരേഷ് പിണറായി വിജയനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും യുഎഇ കോണ്‍സുലേറ്റിലൂടെ വന്ന ചെമ്പിലും ഈന്തപ്പഴത്തിലും ഖുറാന്‍ പെട്ടിക്കുള്ളിലുമൊക്കെ സ്വര്‍ണപ്പൊതികളുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും പിണറായി കുടുംബത്തിന് ദുബായ് കേന്ദ്രീകരിച്ചുള്ള അവിശുദ്ധ ബന്ധങ്ങളുമൊക്കെ നേരും നെറിവുമുള്ളതായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെപ്പേരാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ സംസ്ഥാനത്തെ അധികാരസിരാകേന്ദ്രത്തില്‍ നടത്തിയ കൊള്ളയിലും വൃത്തികേടുകളിലും പിണറായിയുടെ അറിവുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നവരും ഏറെപ്പേരാണ്.
കേരള രാഷ്ട്രീയത്തിലെ മാന്യനും സത്യസന്ധനുമായ ഒരു നേതാവിനെ കരുതിക്കൂട്ടി വ്യക്തിഹത്യ നടത്തി ഭരണം പിടിച്ചതിലുള്ള ജനങ്ങളുടെ അമര്‍ഷപ്രകടനമായിരിക്കും പുതുപ്പള്ളിയില്‍ വ്യക്തമാവുക. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ പുതുപ്പള്ളിയിലും കോട്ടയത്തും തടിച്ചുകൂടിയവരില്‍ ഇടതുപക്ഷ അനുഭാവികള്‍ ഏറെപ്പേരുണ്ടായിരുന്നു.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉമ്മനെതിരെ നടത്തിയ ആസൂത്രിത വ്യക്തിഹത്യയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്ന് സിപിഎം ഭയപ്പെടുന്നു. മുന്നോട്ടുവയ്ക്കാന്‍ കാര്യമായ ഒരു നേട്ടവുമില്ലാതെ പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ ഇമേജ് തെല്ലുമില്ലാത്ത മുഖ്യമന്ത്രിമാരെയും അപാരമായ പ്രാപ്തി തെളിയിക്കാന്‍ കഴിയാത്ത ഒരു നിര മന്ത്രിമാരാരെയുമാണ് കാണാവുക. പിണറായി മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കഴിവുകെട്ടവരാണെന്ന് കാലം തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത വര്‍ഷം മേയില്‍ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും ശക്തമായ ജനരോക്ഷം പിണറായി സര്‍ക്കാരിനെതിരെ തിരിയുമെന്നാണ് ഇപ്പോഴുള്ള പൊതുവിലയിരുത്തല്‍.
https://www.facebook.com/Malayalivartha



























