കൈക്കൂലി വാങ്ങിയെന്ന ആരോപണം... മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. അഖിലിന്റെ മൊഴി കന്റോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ലെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രതി അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞ് ആള്‍മാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു. മലപ്പുറം സ്വദേശിയായ ഹരിദാസില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അഖില്‍ പരാതി നല്‍കിയത്.
പത്തനംതിട്ട സ്വദേശി അഖില്‍ സജീവനെതിരെയാണ് അന്വേഷണം. സി.ഐ.ടി.യു മുന്‍ ഓഫീസ് സെക്രട്ടറിയായ അഖില്‍ സജീവ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഖില്‍ മാത്യുവിനെ പരിചയപ്പെടുത്തിയെന്നാണ് ഹരിദാസന്‍ ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. നിയമനത്തിനായി മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























