കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും തിരുവനന്തപുരത്ത്

പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്തു രൂപം നൽകും.
അതിന്റെ ഭാഗമായി ഒക്ടോബർ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെകൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാർലമെന്റിന്റെ ചുമതലനൽകിയ നേതാക്കളുടെയും അടിയന്തിര സംയുക്ത യോഗവും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വിളിച്ചു ചേർത്തതായി സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യോഗങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 4ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും.
തൊട്ടടുത്ത ദിവസം രാവിലെ 10ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാർലമെന്റിന്റെ ചുമതലനൽകിയ നേതാക്കളുടെയും സംയുക്ത യോഗത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വിശദീകരിക്കും.
https://www.facebook.com/Malayalivartha