എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്‌ക്കും സമൻസ്

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളയ്‌ക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇരുവർക്കും സമൻസ് അയച്ചു.
എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വ്യാജആരോപണം ഉന്നയിച്ചതിന് ക്രിമിനൽ നടപടിക്രമം 120 ബി, 500 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഫയൽചെയ്‌ത അന്യായത്തിന്റെ അടിസ്ഥാനത്തിൽ എം വി ഗോവിന്ദൻ നൽകിയ മൊഴിയിൽ സ്വപ്‌ന ഒന്നാംപ്രതിയും വിജേഷ് പിള്ള രണ്ടാം പ്രതിയുമാണ്. അടുത്തവർഷം ജനുവരി നാലിന് ഇരുവരും തളിപ്പറമ്പ് കോടതിൽ നേരിട്ട് ഹാജരാകണം.
സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽനിന്ന് പിൻമാറാൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാൻ വിജേഷ് പിള്ളമുഖേന എംവി ഗോവിന്ദൻ 30കോടിരൂപ വാഗ്‌ദാനം ചെയ്‌തുവെന്നാണ് സ്വപ്‌നയുടെ ആരോപണം. എം വി ഗോവിന്ദൻ നേരിട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മെയ് രണ്ടിന് മൊഴി രേഖപ്പെടുത്തിയിരുന്നു.
നേരത്തേ സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ കേസെടുത്തിരുന്നു. സ്വപ്‌നക്കും വിജേഷ് പിള്ളക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ഖേദംപ്രകടിപ്പിക്കാനോ ആരോപണം പിൻവലിക്കാനും ഇരുവരും തയ്യറായിരുന്നില്ല.
https://www.facebook.com/Malayalivartha


























