യോഗയുടെ ശക്തമായ പെണ്‍മുഖം, നന്നമ്മാള്‍ ഓര്‍മ്മയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള യോഗഗുരുവായ നന്നമ്മാള്‍ വിടവാങ്ങി. നൂറ് വയസ്സ് തികഞ്ഞ നന്നമ്മാളിന് പത്തുലക്ഷത്തിലധികം യോഗവിദ്യാര്‍ത്ഥികള്‍ ശിഷ്യരായുണ്ടായിരുന്നു. നന്നമ്മാള്‍ യോഗയുടെ ശക്തമായ പെണ്‍മുഖമായിരുന്നു.
്‌നന്നമ്മാളെന്ന കോയമ്പത്തൂരുകാരി യോഗമുത്തശ്ശി മരണംവരെയും പ്രസരിപ്പോടെയാണ് ജീവിച്ചത്. 30 കൊല്ലം മുന്‍പ് മനസ്സിനെ ഒരുകാര്യം പഠിപ്പിച്ചു നന്നമ്മാള്‍. ആകാശം ഇടിഞ്ഞ് വീഴുമെന്നാണെങ്കിലും യോഗ മുടക്കില്ല. എന്നും ഒരു മണിക്കൂര്‍ യോഗ. ഒരു സാധാരണ കര്‍ഷക കുടുബത്തിലാണ് നന്നമ്മാള്‍ ജനിച്ചത്. 3 ാം വയസ്സുമുതല്‍ മുത്തശ്ശന്‍ യോഗ പഠിപ്പിച്ചു. നന്നമ്മാള്‍ 6 മക്കളെ പ്രസവിച്ചു. ഒറ്റപ്രാവശ്യം പോലും ആശുപത്രിയില്‍ പോയിട്ടില്ല. അതിന്റെ മുഴുവന്‍ ക്രെഡിറ്റും യോഗയ്ക്കാണെന്ന് നന്നമ്മാള്‍ പറയും.
കുടുബത്തിലെ എല്ലാവരേയും യോഗ പഠിപ്പിച്ചു. പതുക്കെ അയല്‍പക്കത്തുകാരേയും പഠിപ്പിക്കാന്‍ തുടങ്ങി. ഗ്രാമത്തിലുള്ളവര്‍ മിക്കവരും നന്നമ്മാളിന്റെ ശിഷ്യരായി.പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും യോഗചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു . പാടത്ത് പണിയെടുക്കുമ്പോള്‍ കാലുളുക്കിയ അമ്മായിയമ്മയുടെ കാല്‍ യോഗയിലൂടെ സുഖപ്പെടുത്തിയാണ് നന്നമ്മാള്‍ യോഗഗുരുവാകുന്നത്. സമൂഹമാധ്യമങ്ങളുടെ വരവോടെ യൂട്യൂബിലും നന്നമ്മാള്‍ ഗുരുവായി. പിങ്ക് സാരിയുമണിഞ്ഞ് യോഗാസനങ്ങള്‍ നിഷ്പ്രയാസം ചെയ്യുന്ന നന്നമ്മാളിന്റെ വീഡിയോകള്‍ക്ക് വരിക്കാര്‍ ഏറെയായിരുന്നു. സമൂഹത്തെ യോഗയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം മനസിലുറച്ചതോടെ നന്നമ്മാളും കുടുബവും ഒന്നിച്ച് 1972-ല്‍ ഓസോണ്‍ യോഗ സെന്റര്‍ ആരംഭിച്ചു.
2016-ല്‍ നാരി ശക്തി പുരസ്‌കാരം, 2017-ല്‍ യോഗരത്‌ന ഏറ്റവും ഒടുവില്‍ 2018-ല്‍ പത്മശ്രീ എന്നിവയൊക്കെ നേടിയിട്ടുണ്ട്. പക്ഷെ ഈ നേട്ടങ്ങള്‍ക്കൊക്കെ എത്രയോ മേലെയാണ് അവരുടെ ശിഷ്യസമ്പത്ത്. ഏതാണ്ട് 10 ലക്ഷത്തിലധികം ശിഷ്യര്‍, 600ലധികം യോഗ പരിശീലകര്‍. തെളിഞ്ഞ മുഖത്ത് ഭസ്മക്കുറിയണിഞ്ഞ് തങ്കത്തിളക്കമാര്‍ന്ന പുഞ്ചിരിയുമായി കാണാറുള്ള നന്നമ്മാളെന്ന നന്മഗുരു ഇനിയില്ല.
https://www.facebook.com/Malayalivartha