സ്വർണ്ണക്കടത്തിൽ ശിവശങ്കർ എങ്കിൽ കരുവന്നൂരിൽ അരവിന്ദാക്ഷൻ, എം.കെ.കണ്ണൻ്റെ ചോദ്യം ചെയ്യലിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത് എങ്ങനെ? ഇ.ഡി വിട്ടയക്കാൻ തീരുമാനിച്ചതിന് പിന്നിൽ? കരുവന്നൂർ ഒരു തുടക്കം മാത്രം

കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ.കണ്ണൻ്റെ ചോദ്യം ചെയ്യലിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത് എങ്ങനെ? ശരീരത്തിന് നല്ല സുഖം തോന്നുന്നില്ലെന്ന് കണ്ണൻ പറഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയക്കാൻ ഇ.ഡി തീരുമാനിച്ചതെന്തിന്? ഇന്നലെ രാവിലെ ത്യശൂരിൽ നടന്ന ഒരു കൂടിക്കാഴ്ചയാണ് അപ്രതീക്ഷിത ട്വിസ്റ്റിന് കാരണമായത്.
കണ്ണൻ്റെ വാഹനം ത്യശൂർ രാമനിലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇത്തരം ഒരു ട്വിസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. രാമനിലയം അതിശക്തമായ പോലീസ് കാവലിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാമനിലയത്തിൽ ഉള്ളതായിരുന്നു കാരണം. ഏതാണ്ട് അര മണിക്കൂർ അടച്ചിട്ട മുറിയിൽ ഇരുവരും സംസാരിച്ചു. കടുത്ത മുഖവുമായി എത്തിയ കണ്ണൻ സന്തോഷത്തോടെയാണ് മടങ്ങിയത്. പിന്നീട് ഇ.ഡിക്ക് മുന്നിലെത്തിയ കണ്ണൻ അസുഖം അഭിനയിച്ച് മടങ്ങി. കണ്ണൻ്റെ കാര്യത്തിൽ നടന്നത് എന്താണ്?
എന്നാൽ തനിക്ക് അസുഖമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കണ്ണൻ പറഞ്ഞു. തന്നെ ഇ.ഡി.വിട്ടതാണ്. എപ്പോൾ വേണമെങ്കിലും ഇ.ഡിക്ക് വിളിക്കാം. എങ്കിൽ പോകുമെന്നും കണ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധമില്ലെന്ന് എം.കെ.കണ്ണൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതിനായി എത്തിയപ്പോഴാണ് കണ്ണന്റെ പ്രതികരണം.
താൻ പാർട്ടിക്കാരനാണെന്നും, പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി കണ്ടതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.കെ.കണ്ണന്റെ മറുപടി ഇങ്ങനെ: ‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.’ പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘പാർട്ടിക്കാരനല്ലേ ഞാൻ? പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മറുപടി നൽകി.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇ.ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറാണ്, ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ണനെ ചോദ്യം ചെയ്തത്. അതിനിടെ, കരുവന്നൂർ സഹകരണ ബാങ്കിൽ പണമെത്തിക്കാനുള്ള ശ്രമവും സജീവമാണ്.ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ച 50 കോടി എത്തിക്കാനാണ് നീക്കം.
രാവിലെ മുഖ്യമന്ത്രിയെ കണ്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്‍, റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് ഇടപെടല്‍ അഭ്യര്‍ഥിച്ചു. എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ഇ.ഡി ചോദ്യംചെയ്യൽ ഏറെ നിർണായകമായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പി.ആർ.അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യൽ നിർണായകമായത്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതോടെ ചോദ്യം ചെയ്യൽ പകുതി വഴിയിൽ അവസാനിച്ചു.
കണ്ണൻ്റെ ചോദ്യം ചെയ്യൽ ചില പ്രമുഖ സി പി എം നേതാക്കളിലേക്ക് തിരിയും എന്ന അവസ്ഥ വന്നപ്പോഴാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. സ്വർണ്ണ കള്ളക്കടത്ത് എം ശിവശങ്കറിൽ അവസാനിപ്പിച്ചതു പോലുള്ള ഒരു തരം അഭ്യാസം കരുവന്നൂരിലും സംഭവിക്കുമെന്ന മുന്നറിയിപ്പ് മുമ്പേ കേട്ടതാണ്. സ്വർണ്ണകടത്തിൽ ശിവശങ്കർ എങ്കിൽ കരുവന്നൂരിൽ അരവിന്ദാക്ഷൻ എന്നാണ് ചിലർ അടക്കം പറഞ്ഞത്. ഇ ഡിക്ക് വ്യക്തമായ നിർദ്ദേശം ലഭിക്കാതെ അവർ ഒരിക്കലും പ്രതിയെ വിട്ടുകൊടുക്കില്ല. എം കെ കണ്ണൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അതുകൊണ്ടാണ് അദ്ദേഹത്തെ കേരള ബാങ്കിൻ്റെ ആദ്യ വൈസ് പ്രസിഡൻറാക്കിയത്.
1985ൽ കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ബദൽ രേഖാ വിവാദത്തെത്തുടർന്ന് എം.വി.രാഘവനൊപ്പം പുറത്തുപോയ നേതാവാണ് എം.കെ. കണ്ണൻ. പിന്നീട് 37 വർഷത്തിനുശേഷം വീണ്ടും അതേ മണ്ണിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് കണ്ണൻ. 1985ൽ സംസ്ഥാന സമ്മേളന പ്രതിനിധിയായത്. ആ സമ്മേളനത്തിൽ എം.വി.ആറിനൊപ്പം ഉറച്ചുനിന്നു. പിന്നീട് എം.വി.ആറിനൊപ്പം പാർട്ടി വിട്ട് സി.എം.പി രൂപീകരിച്ചു.
സി.എം.പി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പിളർന്നപ്പോൾ അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായി. 2019ൽ സി.പി.എമ്മിൽ തിരിച്ചെത്തി. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. എം.കെ.കണ്ണനെ പാർട്ടിയിൽ തിരികെ എത്തിച്ചത് പിണറായി വിജയനാണ്. എം.വി.രാഘവനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പിണറായി വിജയൻ.കണ്ണൻ സഹകരണ മേഖലയിലെ അക്ഷരമാല പഠിച്ചത് എം.വി.ആറിൽ നിന്നായിരുന്നു.
അതേസമയം വായ്പാ തട്ടിപ്പിന്റെ പേരിൽ വിവാദത്തിലായ കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സി.പി.എം രംഗത്തെത്തി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ നേരിട്ട് കണ്ട് പണം മടക്കി നൽകുമെന്ന് പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഉറപ്പുനൽകും. നിക്ഷേപം സ്വീകരിക്കുന്ന നടപടികൾക്ക് സി.പി.എം നേതാക്കൾ തന്നെ രംഗത്തിറങ്ങും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിംഗിലാണ് തീരുമാനങ്ങൾ വിശദീകരിച്ചത്.
നിലവിലെ അവസ്ഥയിൽ നിന്ന് ബാങ്കിനെ ശക്തിപ്പെടുത്താനും പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യോഗം നിർദ്ദേശം നൽകി. 50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനും ആലോചനയുണ്ട്. ഇതിനായുള്ള പണം കണ്ടെത്താനാണ് നേതാക്കൾ ഉൾപ്പെടെ രംഗത്തിറങ്ങുന്നത്. റവന്യു റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് റിപ്പോർട്ടിംഗുകളായിരുന്നു ഇന്നലെ ഉണ്ടായത്.. രാവിലെ 11ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ച കഴിഞ്ഞ് നാലിന് ഇരിങ്ങാലക്കുടയിലുമായിരുന്നു റിപ്പോർട്ടിംഗുകൾ. സംസ്ഥാന സെക്രട്ടേറിയേറ്റംഗം പുത്തലത്ത് ദിനേശൻ. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരാണ് വിശദീകരണം നടത്തിയത്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മാറി നൽകി വിവാദം അവസാനിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വിവാദം ഇല്ലാതായാൽ ഇ ഡിക്ക് തലയൂരാം. രാമനിലയത്തിൽ നടന്ന ചർച്ചയിൽ പിണറായിയും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു.
തൻ്റെ പ്രിയപ്പെട്ട കണ്ണനെ കുരുതി കൊടുക്കാൻ പിണറായി തയ്യാറല്ല. കരുവന്നൂർ അരവിന്ദാക്ഷനിൽ തീരണമെന്ന് പിണറായി ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ അരവിന്ദാക്ഷൻ പിണറായിയുടെ ചാവേർ ആയിരുന്നു. അതാണ് അരവിന്ദാക്ഷൻ പിടിക്കപ്പെട്ടപ്പോൾ സി പി എം നിശബ്ദത പാലിച്ചത്. ഇതിനിടയിൽ കണ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും മന്ത്രിയുമായ നിധിൻ ഗഡ്ഗരി.
ലാവ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം. ഇ.ഡി ക്ലിഫ് ഹൗസിൻ്റെ കയറിയാൽ ഗഡ്ഗരി ഇടപെടും. അക്കാര്യം പിണറായിക്കും ഇ.ഡിക്കും അറിയാം. കണ്ണനെ തൊഴുതു വണങ്ങി വിട്ടതിന് പിന്നിൽ ഇത്തരം ഒരു ഫോർമുലയാണെന്നാണ് മനസിലാക്കുന്നത്.
കാരണം കണ്ണൻ കുരുങ്ങിയാൽ പിണറായി കുരുങ്ങും. അതിന് ഗഡ്ഗരി ഇടവരുത്തില്ല. കാരണം ബി ജെ പിയുടെ പ്രതിയോഗി സിപിഎമ്മല്ല, കോൺഗ്രസാണ്. അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെയാണ് ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയത്. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണിക്കുള്ളത്. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്.
സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സിപിഎമ്മിൻറെ പേടി. ഇതിനെതിരെയുള്ള കരുക്കൾ പിണറായി നീക്കിയിരുന്നത് മന്ത്രി വാസവൻ വഴിയായിരുന്നു. അമിത് ഷായെ പിടിക്കാൻ പിണറായിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമിത് ഷാക്ക് ആഭ്യന്തരത്തിനൊപ്പം സഹകരണം കൂടി കിട്ടിയതാണ് വിനയായതെന്ന് സഖാക്കൾ പറയുന്നു. സഹകരണ ബാങ്കുകളെ കോൺഫിഡൻസിൽ എടുക്കേണ്ടതില്ലെന്ന നിർദ്ദേശം ഇതിനകം സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു.
സഹകരണ ബാങ്കുകൾക്ക് മേൽ കേന്ദ്രം കുട വച്ചത് പിണറായിക്കും അറിയാം. വാസവനും അറിയാം. കരുവന്നൂരിന് പുറമേ മറ്റ് ചില സഹകരണ ബാങ്കുകളിൽ കൂടി കേന്ദ്രം വലവിരിച്ചിട്ടുണ്ട്. നികുതി വലയിൽ പെടാതിരിക്കാൻ പണക്കാർ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ വഴിയാണ് സിപിഎം തടിച്ചുകൊഴുക്കുന്നത്.കരുവന്നൂർ ഒരു തുടക്കം മാത്രമാണ്. ബാക്കിയെല്ലാം പിന്നാലെ വരും. ഏതായാലും പിണറായിയുടെ ഓപ്പറേഷൻ കണ്ണനെ കാക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha