ഇന്ന് നൂറാം പിറന്നാള്‍... മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍; സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്.; കേരളത്തിന്റെ സമകാലിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയനായ നേതാവ്

വി.എസ്. എന്ന രണ്ടക്ഷരത്തില്‍ എല്ലാമുണ്ട്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്.
ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിഎസ് പൊതു വേദിയില്‍ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ഇപ്പോഴും അതീവ ശ്രദ്ധ വിഎസ് പുലര്‍ത്തുന്നുണ്ട്.
വി എസിന്റെ ഒരു നൂറ്റാണ്ട് കണ്ട ജീവിതമാണ്. അടിമുടി പോരാളിയായ മനുഷ്യന്‍. മലയാളി മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന്‍. ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.
വി എസ് ഒരു പേരല്ല. ആശയമാണ്. അവസാനിക്കാത്ത പോരാട്ടം എന്ന ആശയം. നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം. ആധുനിക കേരളീയ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാര്‍ട്ടിയിലും അച്യുതാനന്ദന്‍ എന്ന മനുഷ്യനിലും ഒതുങ്ങുന്നതല്ല. അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ചരിത്രം വി എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ ഇങ്ങനെയാവും അടയാളപ്പെടുത്തുക. പാര്‍ട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും വി എസ് പ്രതിപക്ഷ നേതാവായിരുന്നു. ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം ജനങ്ങളുടെ ശബ്ദമായിരുന്നു. പ്രകൃതി സംരക്ഷണമാണ് വികസനത്തിന്റെ ആദ്യ പാഠമെന്ന് ഉറക്കെ ആവര്‍ത്തിച്ച് കലഹിച്ച് ബോധ്യപ്പെടുത്തിയ കമ്മ്യൂണിസ്റ്റ്. പാടം നികത്തലായാലും സോഫ്റ്റ്‌വെയര്‍ കുത്തക ആയാലും അധ്വാന വര്‍ഗ നിലപാട് കാലത്തിന് മുമ്പേ തിരിച്ചറിഞ്ഞ് കലാപക്കൊടി നാട്ടിയ മാര്‍ക്‌സിസ്റ്റ് ബോധ്യം. പിണങ്ങി പിരിയലല്ല, ഉളളില്‍ നിന്നുളള തിരുത്തലാണ് പ്രായോഗികത എന്ന് തെളിയിച്ച വിപ്‌ളവകാരി.
തോല്‍വികള്‍ തളര്‍ത്താത്ത പോരാളി. തുടര്‍ തോല്‍വികളുടെ, കൊടിയ നിരാശയുടെ ഇരുളില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകള്‍ സ്വയം തളളി തുറന്ന നേതാവ്. എം എന്‍ വിജയന്റെ വിശേഷണമാണ് ഏറ്റവും അനുയോജ്യം. പരാജയം ഭക്ഷിച്ചു ജീവിക്കുന്നവന്‍. പതിനേഴാം വയസില്‍ തുടങ്ങി നൂറാം വയസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി ജീവിക്കുന്ന ഒരാള്‍ക്ക് ഇതിലും വലിയൊരു വിശേഷണം ലഭിക്കാനില്ല.
ദാരിദ്രത്തിന്റെയും അനാഥത്വത്തിന്റെയും ബാല്യം മുതല്‍ ജീവിതാവസാനം വരെ നേരിട്ട തുടര്‍ തോല്‍വികളില്‍ നിന്നാണ് വി എസ് എന്ന പോരാളി രൂപപ്പെട്ടത്. അടിമുടി പോരാളിയായ മനുഷ്യന്, മലയാളികളെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്ന സമര നായകന്.
അതേസമയം പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും, വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും, 2004 വരെ കേരള രാഷ്ട്രീയത്തിലെ 'പഴഞ്ചൊല്ലാ'യിരുന്നു ഇത്. ഈ പ്രയോഗത്തെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു വിഎസ് എന്ന വിഎസ് അച്യുതാനന്ദന്റെ പാര്‍ലമെന്ററി ജീവിതം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അധികാര കസേരയില്‍ എത്താന്‍ ഇത്രയധികം കാത്തിരുന്ന മറ്റൊരു നേതാവുണ്ടോ എന്നത് തന്നെ സംശയം.
തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ സാങ്കേതികത പരിശോധിക്കുമ്പോള്‍ എട്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് വിഎസ് തോല്‍വിയറിഞ്ഞത്. പക്ഷേ, വിഎസ് തോല്‍വിയറിഞ്ഞ രണ്ട് തവണയും അദ്ദേഹത്തിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് ചെറിയ കസേരയൊന്നുമല്ല- മുഖ്യമന്ത്രിക്കസേരയാണ്. അതിലുപരി സിപിഎമ്മിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്കുള്ള വെളിച്ചം വീശലാണ് വിഎസിന്റെ തോല്‍വികള്‍ എന്നും ശ്രദ്ധേയം. 1996ലെ മാരാരിക്കുളം തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയും പിന്നീടുണ്ടായ കോലാഹലങ്ങളുമാണ് പ്രധാന ആണിക്കല്ല്. അവിടെ നിന്നാണ് വിഎസ് ഉയര്‍ത്തെഴുന്നേറ്റ് മുഖ്യമന്ത്രിയായത്.
https://www.facebook.com/Malayalivartha