ഇനിമുതല്‍ കുട്ടികളോടൊപ്പം അമ്മമാരും സ്‌കൂളില്‍ പഠിക്കണം; കുട്ടികള്‍ പഠിക്കുന്നത് കണക്ക്, അമ്മമാര്‍ പഠിക്കുന്നത് ഇംഗ്ലീഷ്

മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ രക്ഷകര്‍ത്താക്കളും പഠിക്കുന്നു! വാട്ടര്‍ബോട്ടിലുമായി എന്നും രാവിലെ സ്‌കൂളിലെത്തുന്ന കുട്ടികളെ രക്ഷകര്‍ത്താക്കളും അനുഗമിക്കുന്നു. കുട്ടികള്‍ സാമൂഹ്യപാഠവും കണക്കും പഠിക്കുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കും. രണ്ടും ഒരേ സ്‌കൂളില്‍ നിന്നും.
എറണാകുളം കാക്കനാട് മോഡേണ്‍ പബ്‌ളിക് സ്‌കൂളിലാണ് രക്ഷകര്‍ത്താക്കളും കുട്ടികളും പഠിക്കാനെത്തുന്നത്.
ഞങ്ങളുടെ സ്‌കൂളിലെ അധ്യയനമാധ്യമം ഇംഗ്ലീഷാണ്. അധ്യാപകര്‍ രക്ഷകര്‍ത്താക്കളോട് സംസാരിക്കുന്നതും ഇംഗ്ലീഷിലാണ്. എന്നാല്‍ ചില രക്ഷകര്‍ത്താക്കള്‍ പരാതിയുമായി എന്റെ ഓഫീസിലെത്തുന്നു. അധ്യാപകര്‍ മലയാളത്തില്‍ സംസാരിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ അവര്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹമുണ്ട്. അങ്ങനെയാണ് താല്‌പര്യമുള്ള രക്ഷകര്‍ത്താക്കളെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചത്. മോഡേണ്‍ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി. അബ്‌ദു പറഞ്ഞു.
ഇംഗ്ലീഷ് സംസാരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് താല്‌പര്യമുണ്ടെങ്കിലും വ്യത്യസ്‌ത ചുറ്റുപാടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് പലപ്പോഴും അതിന് കഴിയാറില്ല. വിദ്യാഭ്യാസം കുറഞ്ഞ രക്ഷകര്‍ത്താക്കള്‍ പോലും കുട്ടികളെ സി.ബി.എസ്.ഇ നിലവാരത്തിലാണ് പഠിപ്പിക്കുന്നത്. കറുകപ്പള്ളി നാഷണല്‍ പബ്‌ളിക് സ്‌കൂളിലും രക്ഷകര്‍ത്താക്കള്‍ക്ക് ഇംഗ്ലീഷ് പഠനം നടപ്പിലാക്കി കഴിഞ്ഞു.
പലപ്പോഴും ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് പോലും സംസാരിക്കാന്‍ മടിയാണ്. മടി മാറ്റിയെടുക്കുകയാണ് ആദ്യത്തെ കാര്യം. സ്‌കൂളില്‍ നടക്കുന്ന പി.ടി.എ യോഗങ്ങളില്‍ ഇംഗ്ലീഷില്‍ സംസാരിപ്പിച്ച് മടി മാറ്റുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്.
രക്ഷകര്‍ത്താക്കള്‍ക്ക് യാതൊരു മടിയില്ല. എങ്ങനെയെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു .
കേരളത്തിലെ കൂടുതല്‍ സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിക്കാന്‍ ഉള്ള പദ്ധതിയ്‌ക്ക് രൂപം കൊടുത്തു കഴിഞ്ഞു. ആവശ്യാനുസരണം വിദ്യാഭ്യാസം ലഭിക്കാത്ത വീട്ടമ്മമാരെയാണ് ഇത്തരം സ്‌കൂളുകള്‍ ലക്ഷ്യമിടുന്നത്. രാവിലെ കുട്ടികള്‍ക്കൊപ്പം വന്ന് കുട്ടികള്‍ക്കൊപ്പം മടങ്ങാം. സ്‌കൂള്‍ ബസ് സൗകര്യം ലഭിക്കുകയും ചെയ്യും . ഇപ്പോള്‍ പഠനം സൗജന്യമാണ്. വൈകാതെ ഫീസ് ഈടാക്കുമെന്ന് മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha