അഞ്ച് കോടിരൂപയുടെ സാമ്പത്തിക ബാധ്യത പദ്മകുമാറിനുണ്ടെന്ന വാദം കളവ്; തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ ആസൂത്രക അനിത തന്നെയെന്ന്, പത്മകുമാർ:- കാറില്‍ വച്ച് വായ് പൊത്തിപ്പിടിച്ചതും, ചാത്തന്നൂരിലെ വീട്ടില്‍ ഉറക്ക ഗുളികകൾ നൽകി കുട്ടിയെ മയാക്കിയതും, അനുപമ:- കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കി, കിഡ്നാപ്പ്...
ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് തുടങ്ങി. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത പ്രതി പത്മകുമാറിന്റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പൊലീസ് സുരക്ഷയില്‍ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറന്‍സിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിരുന്നു.
ഒന്നാം പ്രതി കെ.ആര്‍. പദ്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാധ്യത പദ്മകുമാറിനുണ്ടെന്ന വാദം കളവാണെന്ന് ലഭ്യമായ രേഖകള്‍ നിരത്തി അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞുവെന്നാണ് സൂചനകള്‍. തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ ആസൂത്രക ഭാര്യ അനിതകുമാരിയാണെന്നാണ് ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞതായി അറിയുന്നത്. എല്ലാം മകള്‍ കൂടി അറിഞ്ഞാണ് നടപ്പാക്കിയത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയശേഷം കാറില്‍ വച്ച് വായ് പൊത്തിപ്പിടിച്ചതും പിന്നീട് ചാത്തന്നൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഉറക്ക ഗുളികകള്‍ നല്‍കിയതും അനുപമ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോകലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഇയാള്‍ നല്‍കിയ മറുപടി. തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആസൂത്രണത്തിന്റെ നിര്‍ണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. ഓയൂരില്‍നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം ഇവര്‍ തയ്യാറാക്കി. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത് എന്ന് അന്വേഷണ സംഘം വ്യക്തമമാക്കി. തങ്ങളെ പിടികൂടാതിരിക്കാന്‍ പഴുതടച്ച രീതിയിലുള്ള വലിയ ആസൂത്രണമാണ് ഇവര്‍ നടത്തിയത്. അതിനാല്‍ തന്നെ ചോദ്യം ചെയ്യലിനിടെ എവിടെനിന്നാണ് തങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പത്മകുമാറും ഭാര്യ അനിതയും പലതവണ അന്വേഷണ സംഘത്തോട് ചോദിച്ചു. ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതികള്‍ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
അതിനിടെ അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത് അനിതകുമാരി തന്നെയാണെന്ന് ഉറപ്പാക്കാനാണിത്.അനിതകുമാരി കിഴക്കനേലയിലുള്ള ഹോട്ടലുടമയുടെ ഭാര്യയുടെ ഫോണില്‍ നിന്ന് ആറ് വയസുകാരിയുടെ അമ്മയെ വിളിച്ച് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. വിചാരണ നടക്കുമ്പോള്‍ തങ്ങളല്ലെന്ന് പറഞ്ഞ് രക്ഷപെടാനുള്ള പഴുത് അടയ്ക്കാനാണ് ശബ്ദ പരിശോധന.
പിടിയിലായതിന് പിന്നാലെ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ മൂവരും ക്രൈം ബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. കടബാദ്ധ്യത തീര്‍ക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നും അഞ്ച് കുട്ടികളെ ലക്ഷ്യം വച്ചെന്നും പത്കുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ പൂയപ്പള്ളിയിലെ ആറ് വയസുകാരിയെ മാത്രമാണ് തട്ടിക്കൊണ്ടുപോകാനായത്.
മൂവരുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ച് വീണ്ടും വിവരങ്ങള്‍ ആരാഞ്ഞുവരികയാണ് അന്വേഷണ സംഘം. കടബാദ്ധ്യത സംബന്ധിച്ച് പത്മകുമാറിന്റെയും അനിതകുമാരിയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
ധനകാര്യ സ്ഥാപനങ്ങളോടും സ്വകാര്യ വ്യക്തികളോടും ഇടപാടുകളുടെ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും ലഭിച്ചിട്ടില്ല. പ്രതികളുമായി കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha