പി.സി. ജോര്‍ജും മകന്‍ ഷോന്‍ ജോര്‍ജും ബിജെപിയില്‍... ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിച്ചു

ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജും മകന്‍ ഷോന്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു. ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പിസി ജോര്‍ജ് ബിജെപി അംഗത്വം സ്വീരിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് നേതാക്കള്‍ ജോര്‍ജിനെയും ഷോണിനെയും പാര്‍ട്ടിയുടെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.
കേരളത്തിലെ കരുത്തനായ നേതാവാണ് പി.സി ജോര്‍ജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വി. മുരളീധരന്‍ പറഞ്ഞു. പിസി ജോര്‍ജ് വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ബിജെപി ദേശീയനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും പാര്‍ട്ടിയിലെ ഒരു നേതാവും ചൊവ്വാഴ്ച ഡല്‍ഹിയില്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയത്.
ഡല്‍ഹിയില്‍ എത്തിയ ശേഷവും പിസി ജോര്‍ജ് ചര്‍ച്ചകളില്‍ സജീവമായിരുന്നു. ഇന്നു രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനും ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പി.സി. ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഔദ്യോഗിക തീരുമാനമായത്. തുടക്കത്തില്‍ ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി മുന്നണിയിലെടുക്കണമെന്ന ആവശ്യമാണ് ജോര്‍ജ് മുന്നോട്ടു വച്ചത്. എന്നാല്‍ സംസ്ഥാന ഘടകം ഈ ആവശ്യത്തോട് എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ഇതോടെയാണ് ജനപക്ഷം ബിജെപിയില്‍ ലയിപ്പിക്കാന്‍ പിസി ജോര്‍ജ് തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് മത്സരിക്കുമെന്നുള്ള സൂചനകളും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.
ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും അതേസമയം ലോക്സഭ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയൊന്നുമില്ലെന്നുമാണ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ജനപക്ഷം ബിജെപിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി പറഞ്ഞു. ലോക്സഭ തിരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വാശികളൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha