വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന് കൊലപ്പെടുത്തി
വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ ദാരുണമായി കൊലപ്പെടുത്തി പ്രതിശ്രുത വരന്. കര്‍ണാടകയിലെ കുടക് ജില്ലയിലെ സോംവാര്‍പേട്ടിലെ മുട്ലു ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തെ എതിര്‍ത്ത് വനിത - ശിശു വികസന വകുപ്പ് രംഗത്തെത്തിയതോടെയാണ് വിവാഹം മുടങ്ങുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ പ്രകാശും (32) തമ്മില്‍ മെയ് 9 ന് വിവാഹ നിശ്ചയം നടത്താനിരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി തടഞ്ഞു. വിവാഹം വേണ്ടെന്നുവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നിര്‍ബന്ധിപ്പിച്ചു.
നിശ്ചയം മുടങ്ങിയതിന് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ച് തല വെട്ടിമാറ്റുകയായിരുന്നു. ആക്രമണത്തിന് ശേഷം പെണ്‍കുട്ടിയുടെ അറുത്ത തലയുമായി ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവില്‍ പോയി. പെണ്‍കുട്ടി അടുത്തിടെ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ വിജയിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 52 ശതമാനം മാര്‍ക്കും നേടി. എന്നാല്‍ തുടര്‍ പഠനത്തിന് അവനുവദിക്കാതെ പ്രായപൂര്‍ത്തി എത്തും മുന്‍പ് വിവാഹം കഴിപ്പിച്ചയക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഈ വിവരം പുറത്തറിഞ്ഞതോടെയാണ് വനിത - ശിശു വികസന വകുപ്പ് എത്തിയത്.
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 'പ്രതി ഒളിവിലാണ്, ഞങ്ങള്‍ അവനെ തിരയുകയാണ്. സാമൂഹ്യക്ഷേമ വകുപ്പിലെ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ വിവാഹനിശ്ചയം നിര്‍ത്തിയതായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ല,' ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
https://www.facebook.com/Malayalivartha