പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിനെ സമീപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍; മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് സംബന്ധിച്ച നിർണായക യോഗം മാറ്റി: കാരണം പറയാതെ കേന്ദ്രം...

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക കേന്ദ്ര യോഗം മാറ്റി. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണു യോഗം തീരുമാനിച്ചത്.
പഴയതു പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു.
പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിനെ സമീപിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്തു താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും ഉന്നയിക്കുന്നത്. സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിർമിക്കുക.
https://www.facebook.com/Malayalivartha