രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക

2021ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച സൗകര്യമൊരുക്കി പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി യൂണിറ്റ് ആരംഭിച്ചത്. കുട്ടികളിലെ ഉദര സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ദഹനാരോഗ്യത്തിനായി സമഗ്രമായ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിന്റെ സേവനങ്ങള്‍ വിപുലീകരിച്ച് പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റാക്കുന്നത്. നവജാത ശിശുക്കള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ ഈ സേവനം ആരംഭിച്ച് ഇതുവരെ 27000ലധികം കുട്ടികള്‍ക്ക് ചികിത്സ നല്‍കാനായി.
കുട്ടികളിലെ ഉദര സംബന്ധമായ രോഗങ്ങള്‍, കരള്‍, പിത്താശയം, പാന്‍ക്രിയാസ് സംബന്ധമായ രോഗങ്ങളാണ് ഈ വിഭാഗത്തില്‍ ചികിത്സിക്കുന്നത്. കുട്ടികളിലെ വയറുവേദന, വിട്ടുമാറാത്ത അതിസാരം, മലബന്ധം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകള്‍, ആസിഡ് റിഫ്‌ലക്‌സ്, ഭക്ഷണ അലര്‍ജികള്‍, വളര്‍ച്ചാക്കുറവ്, കരള്‍ രോഗങ്ങള്‍, ഐബിഡി (ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്) തുടങ്ങിയ അവസ്ഥകള്‍ക്ക് പ്രത്യേക പരിചരണം ഈ വിഭാഗത്തില്‍ നല്‍കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒരു മള്‍ട്ടി ഡിസിപ്ലിനറി ടീമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. --
https://www.facebook.com/Malayalivartha