ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...

മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു. തലച്ചോറിലെ ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഞരമ്പുകള്‍ പൊട്ടിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ-
നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. മഞ്ഞപ്പിത്തത്തിന് മതിയായ ചികില്‍സ ലഭിക്കാത്തത് ആണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു.
അസുഖം മാറിയതാണെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കാതെ വീട്ടില്‍ നിന്നുള്ള ചികിത്സയാണ് നല്‍കിയത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ മോഡേണ്‍ മെഡിസിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. അക്യുപങ്ചര്‍ ചികിത്സരീതിയെ വ്യാപകമായി പ്രാത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നടത്തിയിരുന്നു. കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകിയെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
എന്നാൽ എന്തുതരത്തിലുള്ള ചികിത്സയാണ് നൽകിയതെന്ന് വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്നാലേ ഇതിൽ സ്ഥിരീകരണമുണ്ടാകൂ. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും.
അക്യുപംഗ്ചർ ചികിത്സ നടത്തിയിരുന്ന മാതാവ് ഹിറ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും ചികിത്സ നൽകിയില്ലെന്നുമാണ് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എന്നാൽ മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം നാട്ടുകാരോട് പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അമ്മ ഹിറ ഹറീറ അക്യുപംഗ്ചർ റാങ്ക് ഹോൾഡറാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ആ കുട്ടിയെയും വീട്ടിലാണ് പ്രസവിച്ചത്. രണ്ട് കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha