സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം..സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍..12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും..

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ മുഖ്യമന്ത്രി കണ്ടത് വെറുതെയായില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകള്‍ അടക്കം മാറാന്‍ വലിയതോതിലുണ്ട്. ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകളാണ്. ഇതോടെ സാമ്പത്തികമായി പ്രതിസന്ധിയിലുള്ള കേരളത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണരായി നടത്തിയ കൂടിക്കാഴ്ച്ച ആശ്വാസമായി മാറി.
കേന്ദ്രം കൂടതല്‍ വായ്പ്പ എടുക്കാന്‍ അനുമതി നല്‍കിയതോടെ വീണ്ടും കടമെടുപ്പിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ, 12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ, കഴിഞ്ഞ ദിവസമാണ് അധിക വായ്പക്ക് അനുമതി ലഭിച്ചത്. അതേ സമയം ഏത് ഇനത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുവദിച്ചതെന്ന് വ്യക്തമല്ല. വൈദ്യുതി മേഖലയിലെ പരിഷ്‌കരണത്തിന്റെ പേരില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലാണ് 12,000 കോടിയില്‍ 5500 കോടിയുടെ അനുമതിയെന്ന് കരുതുന്നു.
വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയിലെ മുഴുവന്‍ തുകയും ഒപ്പം പ്രത്യേകാനുമതി ലഭിച്ച അധിക തുകയും കേരളം വായ്പയെടുത്തിരുന്നു.കടമെടുപ്പ് പരിധിയില്‍ ശേഷിച്ചിരുന്ന 605 കോടിക്കായി കഴിഞ്ഞ ചൊവ്വാഴ്ച കടപ്പത്രമിറക്കിയിരുന്നു. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് കേരള ത്തിന് കടമെടുക്കാനാവുക. ഇതുപ്രകാരം വായ്പയെടുക്കാനാവുന്ന തുക 38,237 കോടിയാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ പരിഗണിച്ച് 4000 കോടി അധിക വായ്പക്ക് അനുമതി നല്‍കിയിരുന്നു. ഇതും നിലവിലെ 12,000 കോടിയും കൂടി ചേരുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ആകെ കേന്ദ്രം അനുവദിച്ചത് 54,237 കോടിയുടെ വായ്പാനുമതിയാണ്.
സാമ്പത്തിക വര്‍ഷമവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. 26000 കോടി രൂപയാണ് സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി വേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ എന്നിവക്കായുള്ള തുക ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോള്‍ അനുവദിച്ച 12000 കോടി കൂടി കിട്ടുന്നതോടെ, വലിയ ആശ്വാസമാകുമെങ്കിലും ചെലവുകള്‍ക്ക് പൂര്‍ണമായും തികയില്ല. സാമൂഹിക പെന്‍ഷന്‍ 820 കോടിയും കരാറുകാരുടെ കുടിശ്ശിക ഇനത്തില്‍ 3000 കോടിയും പ്ലാന്‍ ഫണ്ടില്‍ 7500 കോടിയും വേണം. ബിവറേജസ് കോര്‍പറേഷന്‍, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി മാര്‍ച്ച് മാസം കടന്നുകൂടാനാണ് സര്‍ക്കാര്‍ ശ്രമം.പ്രതിസന്ധി മറികടക്കുന്നതിന് യൂനിവേഴ്‌സിറ്റികള്‍, തദ്ദേശസ്ഥാപനങ്ങള്‍,
പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരിപ്പ്, പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകള്‍ വന്‍തോതില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാന്‍ കാരണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ ഈ വര്‍ഷത്തേക്കു മാറ്റിയതിനാല്‍ പദ്ധതിച്ചെലവു താഴ്ന്നു നില്‍ക്കുമ്പോഴും ട്രഷറിയില്‍ നിന്നുള്ള പണച്ചെലവ് ഉയര്‍ന്നിരുനന്നു.38,886 കോടിയാണ് ഈ വര്‍ഷത്തെ പദ്ധതി വിഹിതം.
ഇതില്‍ 52% തുകയേ ഇതുവരെ ചെലവിടാന്‍ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളില്‍ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികള്‍ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 57 ശതമാനവും മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ട്രഷറി കാലിയായതോടെ റിസര്‍വ് ബാങ്കില്‍നിന്ന് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും എടുത്താണു കഴിഞ്ഞയാഴ്ചത്തെ ചെലവുകള്‍ക്കു പണം കണ്ടെത്തിയത്.ധനസമാഹരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളോടും പണം ബാങ്കില്‍നിന്നു ട്രഷറിയിലേക്കു മാറ്റാന്‍ വീണ്ടും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബവ്‌റിജസ് കോര്‍പറേഷനോടും എണ്ണക്കമ്പനികളോടും നികുതിപ്പണം മുന്‍കൂര്‍ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയില്‍ നിന്നും പണം വാങ്ങും.
സാധാരണഗതിയില്‍ മുഖ്യമന്ത്രിയോ സംസ്ഥാനത്തുനിന്ന് എത്തുന്ന മന്ത്രിമാരോ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയാണ് കാണുന്നത്. പാര്‍ലമെന്റുള്ള സമയമാണെങ്കില്‍ കൂടിക്കാഴ്ചകളില്‍ ചിലത് പാര്‍ലമെന്റ് ഹൗസിലും നടക്കാറുണ്ട്. എന്നാല്‍, ആ കീഴ് വഴക്കങ്ങള്‍ എല്ലാം മാറ്റിവെച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ എത്തിയത്
https://www.facebook.com/Malayalivartha