ശക്തമായ മഴയെ തുടര്‍ന്ന് മുകളില്‍ നിന്ന് കല്ലുരുണ്ട് ദേഹത്ത് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു....

അതി ശക്തമായ മഴയില്‍ മുകളില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് ദേഹത്തുവീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. അയ്യപ്പന്‍കോവില്‍ ഏഴാംവാര്ഡിലുള്ള സുല്‍ത്താനിയ എസ്റ്റേറ്റിലെ താമസക്കാരനായ എം. അയ്യാവ് (59) ആണ് മരിച്ചത്. സുല്‍ത്താനിയ പരീത്ഖാന്‍ ഏലം എസ്റ്റേറ്റില്‍ ശനിയാഴ്ച 1.30-നാണ് സംഭവം നടന്നത്.
കനത്ത മഴയുണ്ടായപ്പോള്‍ മരച്ചുവട്ടിലേയ്ക്ക് മാറിനിന്നു. അപ്പോള്‍ മുകള്‍ഭാഗത്തുനിന്ന് വലിയ കല്ല് ഉരുണ്ടുവരുകയായിരുന്നു. ഓടിമാറാനായി ശ്രമിച്ചെങ്കിലും അതിനുമുന്പേ കല്ല് ദേഹത്തുവീണു. കല്ലിനടിയില്‍പ്പെട്ട അയ്യാവിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഒപ്പമുണ്ടായിരുന്നവര്‍ പുറത്തെടുത്തത്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല
ശക്തമായ മഴയില്‍ അടിമണ്ണ് ഒലിച്ചുപോയതാണ് കല്ല് ഉരുണ്ടുവരാന്‍ കാരണം. തമിഴ്നാട്ടിലെ ചിന്നമന്നൂര്‍ സ്വദേശിയായ അയ്യാവ് 11 വര്‍ഷമായി ഭാര്യയുമൊത്ത് സുല്ത്താനിയായിലാണ് താമസിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: പരമേശ്വരി. മൂന്നു മക്കളുണ്ട്.
https://www.facebook.com/Malayalivartha


























