ഒറ്റക്കല്ലറയില്‍ മൂവരും മണ്ണിലേക്ക്.... പ്രാര്‍ത്ഥനയോടെ കടന്നുവന്നിരുന്ന പള്ളിമുറ്റത്തേക്ക് അവസാനമായി ജിസ്‌മോളും കുരുന്നുകളുമെത്തിയത് ജീവനറ്റ്...

നിലവിളിയോടെ... . ബന്ധുക്കളും നാട്ടുകാരുമടക്കം പ്രിയപ്പെട്ടവര്‍ അടക്കിപ്പിടിച്ച നിലവിളികളോടെ സഹയാത്രയൊരുക്കി. ശുശ്രൂഷകള്‍ക്കൊടുവില്‍ നാലും ഒന്നും വയസ്സുള്ള കുരുന്നുകളും മാതാവും ഒറ്റക്കല്ലറയില്‍ മണ്ണിലേക്ക്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഡ്വ. ജിസ് മോള്‍ തോമസ്, മക്കളായ നേഹ മരിയ, നോറ ജിസ് ജിമ്മി എന്നിവരുടെ മൃതദേഹങ്ങള്‍ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിലെ ഒറ്റക്കല്ലറയില്‍ അടക്കിയത്.
നാടിന്റെ നൊമ്പരമായി മാറിയ അമ്മയെയും പിഞ്ചോമനകളെയും കാണാനായി വീട്ടിലും പള്ളിയിലും നിരവധി പേരാണെത്തിയത്. ഭര്‍ത്താവിന്റെ ഇടവക പള്ളി പാരിഷ് ഹാളിലും ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം ഉണ്ടായിരുന്നു. അതേ സമയം ഭര്‍തൃവീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയില്ല. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ ഒമ്പതോടെയാണ് പൊതുദര്‍ശനത്തിനു വേണ്ടി പുറത്തെടുത്തത്. തുടര്‍ന്ന് ഭര്‍ത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീറിക്കാട് പള്ളിയുടെ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.
ജിമ്മിയും മാതാവും അടക്കം ബന്ധുക്കള്‍ ഇവിടെയെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടത്. പൊട്ടിക്കരഞ്ഞാണ് ജിമ്മി അന്ത്യോപചാരമര്‍പ്പിച്ചത്. 10.30 വരെ ഇവിടെ പൊതുദര്‍ശനം നടന്നു. ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജിസ്‌മോളുടെ വീട്ടുകാര്‍ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു.11 മണിയോടെ ചെറുകരയിലെ ജിസ്‌മോളുടെ തറവാട്ടു വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നു. കുഞ്ഞുങ്ങളുടെ ചേതനയറ്റ മുഖം കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സങ്കടം സഹിക്കാനാവാതെ അലമുറയിട്ടു.
മൂന്നിനാണ് സംസ്‌കാരം തീരുമാനിച്ചിരുന്നതെങ്കിലും അവസാനമായി കാണാനെത്തുന്നവരുടെ ഒഴുക്ക് തുടര്‍ന്നപ്പോള്‍ നാലുമണിയോടെയാണ് മൃതദേഹങ്ങള്‍ പള്ളിയിലേക്ക് എടുക്കാനായത്. ബന്ധുക്കളുടെ എതിര്‍പ്പിനെതുടര്‍ന്നാണ് ജിമ്മിയുടെ ഇടവകപ്പള്ളി ഒഴിവാക്കി ജിസ്‌മോളുടെ ഇടവകപ്പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. 15നാണ് ജിസ്‌മോള്‍ രണ്ടു കുരുന്നുകളുമായി ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.മുത്തോലി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ആയിരുന്നു ജിസ്‌മോള്‍.
https://www.facebook.com/Malayalivartha