സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം

തീരസുരക്ഷ അടക്കം സേനാവിഭാഗങ്ങള്‍ ഉറപ്പാക്കി. 'ഓപ്പറേഷന് സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നുമുതല്‍ നടത്താനിരുന്ന ആറു ജില്ലകളിലെ പരിപാടികളാണ് മാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികള്‍, 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളകള്‍, കലാപരിപാടികള്‍, സംസ്ഥാനതലത്തില്‍ വിവിധ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചകളടക്കമാണ് മാറ്റിയത്.
നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. കലാപരിപാടികള്‍ ഉണ്ടാവില്ല. മേഖലാ അവലോകന യോഗങ്ങളും നിശ്ചയിച്ച തീയതികളില്‍ നടക്കും. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രം അറിയിച്ചെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തീരസുരക്ഷ അടക്കം സേനാവിഭാഗങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഭക്ഷ്യധാന്യങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം വിളിച്ചു നിര്‍ദ്ദേശിക്കും.
"
https://www.facebook.com/Malayalivartha

























