വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ല്‍ വയനാട് പുനരധിവാസവും സംസ്ഥാന ദുരന്തനിവാരണവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതീക്ഷിച്ച രീതിയിലാണ് വയനാട്ടില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഏത് സാഹചര്യത്തിലും സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒരുമിച്ച് ജീവിച്ചവര്‍ തുടര്‍ന്നും ഒരേ പ്രദേശത്ത് ഒന്നിച്ച് സഹവസിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചുരുക്കം ചിലരെ മാറ്റി പാര്‍പ്പിക്കുന്ന തരത്തില്‍ വീടുകള്‍ നിര്‍മിക്കാന്‍ തയ്യാറായി ചില സംഘടനകള്‍ മുന്നോട്ടുവന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് മാതൃകാപരമായ രീതിയല്ല. വീടുകള്‍ നിര്‍മിക്കുക മാത്രമല്ല സര്‍ക്കാര്‍ ദൗത്യം. തുടര്‍ജീവിതം സാധ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യമുള്ളവര്‍ക്ക് തൊഴില്‍ സാഹചര്യമൊരുക്കും. ഒറ്റപ്പെട്ടുപോയവര്‍ക്ക് പ്രത്യേക സംരക്ഷണമൊരുക്കും. ദുരന്തബാധിത പ്രദേശത്ത് എന്ത് സാധ്യമാക്കാം എന്നതിന് ഒരു ദേശീയ മാതൃക സൃഷ്ടിക്കുകയാണ് നാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട് ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ അസാധ്യമെന്ന് കരുതുന്നത് പോലും സാധ്യമാക്കുന്ന തരം ഐക്യം പ്രകടിപ്പിക്കുന്നവരാണ് മലയാളികള്‍. ദുരന്തമുഖത്ത് ആരുടെയും ആഹ്വാനമില്ലാതെതന്നെ ഓടിയെത്തി സന്നദ്ധപ്രവര്‍ത്തനം ഏറ്റെടുക്കാറുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മതിയായ പരിശീലനം നല്‍കുന്നതിനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിച്ചു വന്ന ആവാസ വ്യവസ്ഥയും ജീവിത ശൈലിയും തിരികെ നല്‍കണമെന്ന ദുരന്തബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വയനാട് ടൗണ്‍ഷിപ്പ് എന്ന ആശയത്തിലെത്തിയതെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. സാമ്പത്തിക സഹായത്തിനും പാര്‍പ്പിട നിര്‍മാണത്തിനുമപ്പുറം ഒന്നിച്ചു ജീവിച്ച ഒരു ജനതയെ വീണ്ടും ഒരുമിപ്പിക്കുകയാണ് ടൗണ്‍ഷിപ്പിന്റെ ലക്ഷ്യം. ഇത് ഒരു ദേശീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
2016 ല്‍ ഏഴ് പേര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 126 എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുള്ള സ്ഥാപനമായി ദുരന്ത നിവാരണ അതോറിറ്റി മാറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യയിലാദ്യമായി സന്നദ്ധ സേന അംഗങ്ങള്‍ക്കായി സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റും സിവില്‍ ഡിഫന്‍സ് ആക്ട് നടപ്പിലാക്കിയ സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം പറഞ്ഞു. വയനാടിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഡോ. എം എസ് ശ്രീകല പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക ലോകം വയനാടിനായി ഒന്നിച്ചണി നിരന്നത് അഭിമാനകരമാണെന്ന് നടി സരയു പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് എംപി മോഡറേറ്ററായി. മുന്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, അധ്യാപികയും മുന്‍ മാധ്യമ പ്രവര്‍ത്തക ഡോ എം എസ് ശ്രീകല, നടി സരയു, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ ഹാഷിഫ് എന്നിവരും പങ്കെടുത്തു. നാം മുന്നോട്ടിന്റെ ഈ എപ്പിസോഡ് ഞായറാഴ്ച മുതല്‍ വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യും.
https://www.facebook.com/Malayalivartha