പന്നിയെ വേട്ടയാടാന്‍ നാടന്‍ തോക്ക് വാങ്ങി ഉപയോഗിച്ചു

ഏരൂര്‍ മണലില്‍ യുവാവിന്റെ വീട്ടില്‍ നിന്നും നാടന്‍ തോക്ക് പിടികൂടി പൊലീസ്. പേപ്പര്‍മില്‍ പറമ്പേത്ത് വീട്ടില്‍ സജു(26)വിന്റെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്ക് പൊലീസ് പിടികൂടിയത്. ഏരൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏരൂര്‍ എസ്.എച്ച്.ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ടോടെ സജുവിന്റെ വീട് റെയ്ഡ് ചെയ്യുകയും വീടിനുള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് പൊലീസ് കണ്ടെടുത്തു. തോക്കില്‍ തിര നിറച്ചിരുന്നു. തുടര്‍ന്ന് വീടിന് പുറത്തുവച്ച് പൊലീസ് തോക്ക് നിര്‍വര്യമാക്കുകയും തോക്കോടുകൂടി സജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ പന്നിയെ വേട്ടയാടാനായിട്ടാണ് തോക്ക് ഉപയോഗിച്ചിരുന്നതെന്നും മൂന്ന് തവണ തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ചേറ്റുകുഴി എന്നസ്ഥലത്തെ ഒരാളില്‍ നിന്ന് 15,000 രൂപ കൊടുത്താണ് തോക്ക് വാങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ടിപ്പര്‍ ഡ്രൈവറായ സജുവും മാതാവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ആയുധം കൈവശം വയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. മറ്റു നിയമ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് ഏരൂര്‍ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha