കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന് രൂക്ഷവിമര്‍ശനം

കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന് രൂക്ഷവിമര്‍ശനം. കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനവും, അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് തരൂരിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണം'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുളള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. യു.എസ്, യു.കെ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഞ്ചോ ആറോ അംഗങ്ങള്‍ വീതമുള്ള എട്ട് സംഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ പ്രതിനിധിയും ഒപ്പമുണ്ടാകും.
https://www.facebook.com/Malayalivartha