കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം

കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലെ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിത്തം. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ബീച്ച് അഗ്‌നി രക്ഷാ യൂണിറ്റിലെ സംഘത്തെ സ്ഥലത്ത് വിന്യസിപ്പിച്ചു. കടയില്‍ നിന്ന് വലിയ തോതില്‍ തീയും പുകയും ഉയരുന്നുണ്ട്. കടയുടെ ഭാഗത്തേയ്ക്കുള്ള വാഹന ഗതാഗതം പൊലീസ് നിര്‍ത്തിവച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുകയാണ്.
കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയര്‍ന്ന സമയത്ത് തന്നെ കടയില്‍ നിന്ന് ആളുകള്‍ പുറത്ത് ഇറങ്ങിയതായാണ് വിവരം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടയ്ക്കുള്ളിലേക്ക് വലിയ തോതില്‍ തീ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിരക്ഷാ സേന തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
താഴത്തെ നിലയിലുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് രണ്ടാം നിലയിലുള്ള തുണിക്കടയിലേക്ക് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സമീപത്തെ കടകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. ബസ് സ്റ്റാന്‍ഡിലെ എല്ലാ ബസുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു. അഗ്‌നി രക്ഷാ സേനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൊലീസ് ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha