കടുവക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്....വനമേഖലയില്‍ ദ്രുതകര്‍മസേന സംഘം വ്യാപക തിരച്ചിലില്‍

ടാപ്പിങ് തൊഴിലാളിയായ ഗഫൂറലിയെ കൊന്ന കടുവക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. തിങ്കളാഴ്ചയും ദൗത്യം വിജയം കണ്ടില്ല. കനത്ത മഴക്കിടയിലും കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വനമേഖലയില്‍ ദ്രുതകര്‍മസേന സംഘം വ്യാപക തിരച്ചിലിലാണ്. അതിനിടെ മഞ്ഞള്‍പാറ ഭാഗത്ത് കടുവയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ കണ്ടത് പ്രതീക്ഷയേകുന്നു. കടുവ വനമേഖലയിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് ഇത് നല്‍കുന്ന സൂചനകള്‍.
മുമ്പ് മഞ്ഞള്‍പ്പാറക്കടുത്ത് കേരള എസ്റ്റേറ്റ് കനിയന്‍മേട് ഭാഗത്ത് വനം ജീവനക്കാരും നാട്ടുകാരും കടുവയെ കണ്ടിട്ടുണ്ടായിരുന്നു. ഈ ഭാഗത്തോ റാവുത്തന്‍കാട് എസ്റ്റേറ്റിലോ തങ്ങുന്നുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ദ്രുതകര്‍മ സേന. ഒന്നിലധികം കടുവകളുണ്ടാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളുന്നില്ല. മേഖലയില്‍ തിങ്കളാഴ്ച ഉച്ചയോടെ മഴ ശക്തമായിരുന്നു. ഇതിനിടയിലും റാവുത്തന്‍കാട് ഭാഗത്ത് ബാച്ചുകളായി തിരച്ചില്‍ നടത്തുന്നുണ്ട്.
മലയുടെ പല ഭാഗങ്ങളിലായി ലൈവ് സ്ട്രീം കാമറകള്‍ ഉള്‍പ്പെടെ 50 കാമറകളിലാണ് നിരീക്ഷണം തുടരുന്നത്. ആടുകളെ വെച്ച് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കുഞ്ചു, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകള്‍ മലയുടെ താഴെ കാട് കയറാന്‍ കാത്തിരിക്കുകയാണ്. പാലക്കാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉമാ കമല്‍ഹാറിന്റെ നേതൃത്വത്തില്‍ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സകറിയയുടെ കീഴിലാണ് സായുധരായ സംഘം റാവുത്തന്‍കാട്ടിലെ റബര്‍ തോട്ടത്തിലും പരിസരങ്ങളിലും സജീവമായുള്ളത്. കടുവയെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടര്‍ന്നേക്കും.
"
https://www.facebook.com/Malayalivartha