ആ യാത്ര അന്ത്യയാത്രയായി... ചെറുമകന് ചോറുകൊടുക്കാനുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കയത്തിലായി... ചെറുമകന് ചോറുകൊടുക്കാനുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ആശ്രമം വാര്‍ഡ് നടുവിലപ്പറമ്പില്‍ സരസ്വതിയമ്മ(72)യാണ് മരിച്ചത്. ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിനു സമീപത്ത് തിങ്കളാഴ്ച രാവിലെ 8.15-നായിരുന്നു അപകടം നടന്നത്.
സരസ്വതിയമ്മ അപകടസ്ഥലത്തുതന്നെ മരിച്ചു. സരസ്വതിയമ്മയുടെ മകള്‍ ശ്രീകല, ശ്രീകലയുടെ ഭര്‍ത്താവ് രാജഗോപാല്‍, ഇവരുടെ മൂത്തമകന്‍ അഭിഷേക്, ചോറൂണിനു കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍. രാജഗോപാലാണ് കാര്‍ ഓടിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീകലയും മക്കളും വണ്ടാനം ആശുപത്രിയില്‍ ചികിത്സയിലാണ്.
കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 17 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഏറെയും പരിക്ക്. മുഖത്താണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. ചിലരുടെ പല്ലുകള്‍ തകര്‍ന്നു. ഇവരും ഹരിപ്പാട്ടും വണ്ടാനത്തുമായി ചികിത്സ തേടി.ഹരിപ്പാട് ഭാഗത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കരുനാഗപ്പള്ളിയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നെന്ന് പോലീസ് . ബസ് തുടര്‍ന്ന് മറ്റൊരു പിക്കപ്പ് വാനിലുമിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും എത്തി മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha