യുവതിയെ കുത്തിക്കൊലപ്പെടുത്തിയ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(പൂങ്കൊടി-42)യെ കുത്തിക്കൊന്ന കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ഉത്തരവ് നല്‍കിയത്.
ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാനായി ശ്രമിച്ചതിന് അഞ്ചുവര്‍ഷം വീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2023 ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ശ്യാമളയുടെ ആദ്യഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചതോടെ പ്രതി ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗോപികയും മകളും തൊട്ടടുത്തുള്ള വീട്ടിലുമായിരുന്നു.
നാടന്‍പാട്ടുകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങള്‍ റിഹേഴ്സലിനായി വീട്ടില്‍ വരുന്നതിനെച്ചൊല്ലി രവീന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വൈകുന്നേരം ഇതിനെച്ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ആക്രോശിച്ച് ഗോപികയെ കുത്താനായി ഓടിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിന്ന് മകളെ രക്ഷപ്പെടുത്താനായി ശ്രമിച്ച ശ്യാമളയുടെ കഴുത്തിനും നെഞ്ചിലും കുത്തി. തുടര്‍ന്ന് ഗോപികയെയും മകളെയും കുത്താനയി ശ്രമം നടത്തി.
ശ്യാമളയ്ക്ക് കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഗോപികയ്ക്കും മകള്‍ക്കും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശ്യാമളയ്ക്ക് കുത്തേറ്റ വിവരം ഗോപിക കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചറിച്ചു. പോലീസ് സംഭവസ്ഥലത്തേക്ക് വരുന്ന വഴിയുള്ള ഇടക്കുളങ്ങര റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ ഇന്‍സ്പെക്ടര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി എതിര്‍വശത്ത് കിടന്ന ഓട്ടോറിക്ഷയില്‍ കയറിയാണ് സംഭവസ്ഥലത്ത് എത്തിയത്.
ശ്യാമളയെ ആ ഓട്ടോയില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൃത്യത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടാനായി ശ്രമിച്ച പ്രതിയെ അവിടെ വച്ച് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha