ഒന്നര കിലോയോളം എംഡിഎംഎയുമായി പാലക്കാട് രണ്ടു പേര്‍ പിടിയില്‍

കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ ലഹരി വില്‍പന... പാലക്കാട് കോങ്ങാട് പൊലീസിന്റെ വന്‍ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായാണ് യുവതിയേയും യുവാവിനേയും പിടികൂടിയത്. കണ്ണമ്പരിയാരം സ്വദേശി സുനില്‍ (30), തൃശ്ശൂര്‍ ഐക്കാട് സ്വദേശിനി സരിത (30) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കെത്തിച്ച ലഹരിയാണ് പിടിച്ചെടുത്തത്. സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുടരുകയായിരുന്നു. ഒരു വര്‍ഷമായി ഇരുവരും ചേര്‍ന്ന് കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇവര്‍ ബംഗളൂരുവില്‍ നിന്ന് ലഹരി എത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭ്യമായി. ഇന്നലെ വൈകുന്നേരം രണ്ടുപേരും തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്.
സുനില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവില്‍ വാടകക്കെടുത്ത വീട്ടിലായിരുന്നു ലഹരി ഇടപാട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് തൃശൂര്‍ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവര്‍ക്ക് ചില്ലറ വില്‍പ്പനക്കാരുണ്ടെന്ന് പൊലീസ് . ഇവരുടെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിച്ചതില്‍ നിന്ന് വന്‍ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം കിട്ടി . പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha