ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം. ഇന്ത്യയുയർത്തിയ 333 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന നേപ്പാൾ ബാറ്റിങ് നിരയിലെ എല്ലാവരും 11.3 ഓവറിൽ 26 റൺസിന് പുറത്തായി. ഹർഷിത് റാണയും പ്രിൻസ് യാദവും ചേർന്ന് ഓപ്പണിങ് സ്പെല്ലിൽ തന്നെ നേപ്പാൾ നിരയെ തകർത്തു. ഒരാൾക്കുപോലും രണ്ടക്കം കടക്കാനുള്ള അവസരം നൽകാതെയാണ് ഇന്ത്യൻ ബൗളർമാർ നേപ്പാളിനെ കൂടാരത്തിലെത്തിച്ചത്. അഞ്ച് പേർ സംപൂജ്യരായി മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് യാതൊരു അവസരവും നൽകാതെയാണ് ഇന്ത്യൻ പേസർമാർ തുടങ്ങിയത്. ആദ്യ ഓവറിൽ ഹർഷിത് റാണയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിൽ പ്രിൻസ് യാദവ് രണ്ടു പേരെ മടക്കി.
ഒരുഘട്ടത്തിലും ചെറുത്തുനിൽപ്പിന് അവസരം ലഭിക്കാതെ നേപ്പാൾ വിക്കറ്റുകൾ തുടരെ വീഴുകയായിരുന്നു. ആറോവറിൽ 16 റൺസ് വിട്ടുനൽകി ഹർഷിത് നാലും, പ്രിൻസ് യാദവ് അഞ്ചോവറിൽ കേവലം ആറ് റൺസ് വിട്ടുനൽകി അഞ്ചും വിക്കറ്റുകൾ വീഴ്ത്തി. മൂന്നു പന്തുകൾ മാത്രമെറിഞ്ഞ ഷഹ്ബാസ് അഹ്മദാണ് അവസാന വിക്കറ്റ് വീഴ്ത്തി നേപ്പാൾ ഇന്നിങ്സിന് തിരശീലയിട്ടത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 332 റൺസ് നേടിയത്. തുടക്കത്തിൽ പതറിയ ടീമിനെ, മധ്യനിരയിൽ നായകൻ തിലക് വർമയും കുമാർ കുശാഗ്രയും ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും സെഞ്ച്വറി നേടിയതിനു പുറമെ, നാലാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമൊരുക്കി. മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























