ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം

തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോടെ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു. 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. ഇന്നും നാളെയുമാണ് സ്പോട്ട് ബുക്കിംഗ് കൂട്ടിയത്. ഇതിന്റെ എണ്ണം നിശ്ചയിച്ചിട്ടില്ല.
ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ കൂട്ടിയ വെർച്വൽ ബുക്കിംഗും ഏറെക്കുറെ പൂർത്തിയായി.
ബുക്കിംഗ് സൈറ്റിൽ (sabarimalaonline.org) ഇന്നും നാളെയും മാത്രം സ്ലോട്ട് ഒഴിവുള്ളതായാണ് ഇന്നലെ വൈകുന്നേരം കാണിച്ചത്. അതേസമയം, ഡിസംബർ അവസാനം വരെയുള്ള സ്ലോട്ടുകൾ ഇത്രപെട്ടെന്ന് തീർന്നതിൽ അസ്വഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല.
ടൂർ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്തിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ദേവസ്വം ബോർഡും അന്വേഷിക്കുന്നു.സ്ലോട്ടുകൾ മുഴുവൻ ബുക്കുചെയ്തിട്ട് നല്ലൊരു ശതമാനം ദർശനത്തിനു എത്താത്തതും ആദ്യമായിട്ടാണ്. ഇന്നും നാളെയും (ശനി, ഞായർ) ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം കഴിഞ്ഞവർഷം വെർച്വലിലൂടെ 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും ഉൾപ്പെടെ 90,000 പേർക്കാണ് പ്രതിദിനം ദർശനാനുമതി നൽകിയിരുന്നത്. പമ്പ, നിലയ്ക്കൽ, എരുമേലി, പന്തളം, ചെങ്ങന്നൂർ, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് അനുവദിച്ചിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കാനായി 66,000, 14,000 എന്ന കണക്കിൽ ബുക്കിംഗ് കുറച്ചത് തീർത്ഥാടകരുടെ വരവിനെ ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha

























