കോഴിക്കോട് കാപ്പ നിയമലംഘന കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു....

കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു.... കാപ്പ നിയമലംഘന കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്‍തൊടുക വീട്ടില്‍ അജ്മല്‍ ബിലാലാണ് (24) ചെമ്മങ്ങാട് പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെ കടന്നുകളഞ്ഞത്.
വൈദ്യ പരിശോധനക്കായി ബീച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ബാത്ത്‌റൂമില്‍നിന്നാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പ്രതിക്കായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നിരുന്നു. ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുകള്‍, വീട്ടില്‍ കയറി സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കല്‍, പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും അപഹരിക്കല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അജ്മല്‍ ബിലാല്‍.
ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടാനോ പാടില്ല എന്ന നിബന്ധനയോടെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാല്‍, പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha