എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി

തലസ്ഥാന നഗരമദ്ധ്യത്തില്‍ 25 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീര്‍ (34) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടം നടത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും , ലഹരി ഉപയോഗിക്കുന്നതിന് വേണ്ടി വാങ്ങിയ സാധന സാമഗ്രികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതറിഞ്ഞ പ്രതികള്‍ ലഹരിവസ്തുക്കള്‍ ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു പ്രതികള്‍.
സംസ്ഥാന വ്യാപകമായും പൊലീസ് ലഹരിവേട്ട കടുപ്പിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1822 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 73 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.06385 കി.ഗ്രാം), കഞ്ചാവ് (10.0524 കി.ഗ്രാം), കഞ്ചാവ് ബീഡി (46 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha