നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം...

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ ദേവര്‍ഷോല മച്ചിക്കൊല്ലി ബേബിനഗറിലെ അറുമുഖന് (ആറു-59)നാണ് വീട്ടിലേക്കുള്ള വഴിയില്‍ ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.
തൊട്ടടുത്തുള്ള പശുഫാമില്‍ പണിക്കുപോയി തിരികെവരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പതിവായി കൃഷിപ്പണിക്കുപോകുന്ന അറുമുഖന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പശുഫാമില്‍ സഹായിക്കാനും പോകാറുണ്ട്. വീട്ടില്‍ നിന്ന് നൂറുമീറ്റര്‍മാത്രം അകലെയുള്ള ഫാമില്‍നിന്ന് രാത്രിയില്‍ തിരികെവരുന്ന നേരത്താണ് ഇദ്ദേഹം കാട്ടാനയുടെ മുന്‍പില്‍പ്പെട്ടത്. രാത്രിയില്‍ ശബ്ദംകേട്ട് റോഡിലിറങ്ങിയ അയല്‍വാസി ബെന്നിയുടെ മുന്‍പില്‍വെച്ചാണ് അറുമുഖനെ കാട്ടാന കൊലപ്പെടുത്തിയത്.
മൂന്നംഗ കാട്ടാനക്കൂട്ടം ആ സമയത്ത് റോഡിലുണ്ടായിരുന്നുവെന്ന് ബെന്നി പറഞ്ഞു. തുടര്‍ന്ന് അറുമുഖന്റെ മകനും ബെന്നിയും നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ചവിട്ടേറ്റനിലയില്‍ അറുമുഖന്റെ മൃതദേഹം റോഡില്‍ കാണുന്നത്. നഗരസഭാ കൗണ്‍സിലര്‍ യൂനസ്ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാമത്തെ മരണമാണ് അറുമുഖത്തിന്റേത്.
നിരന്തരമുള്ള കാട്ടാനശല്യത്തിനെതിരേ അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും പരിഗണിച്ചില്ലെന്നാരോപിച്ച് മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ മൃതദേഹം സംസ്കരിച്ചു.
https://www.facebook.com/Malayalivartha