തെങ്ങ് കയറുന്നതിനിടയില്‍ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു...ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും

എളമക്കരയില്‍ തെങ്ങ് കയറുന്നതിനിടയില്‍ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വരാപ്പുഴ മുട്ടിനകം സ്വദേശി മാട്ടുമ്മപറന്പില്‍ എം.ബി. ഉണ്ണികൃഷ്ണന്‍ (49) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
എളമക്കര ബേബിസ്മാരക റോഡിലെ വീട്ടില്‍ തെങ്ങ് കയറാന്‍ എത്തിയതാണ് ഉണ്ണികൃഷ്ണന്‍. തെങ്ങില്‍ കയറി നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാളുടെ ബോധം നഷ്ടപ്പെടുകയായിരുന്നു.
42 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ ഉണ്ണി ബോധമില്ലാതെ തൂങ്ങിക്കിടക്കുന്നത് സമീപവാസികളാണ് കണ്ടത്. തുടര്‍ന്ന് ഗാന്ധിനഗര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്ന് അഗ്നിരക്ഷാസേനയും എളമക്കര പോലീസും സ്ഥലത്തെത്തി. നാലു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മറ്റൊരു തെങ്ങ് കയറ്റ തൊഴിലാളിയുടെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കിയത്. ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഷീന്‍ ഉപയോഗിച്ചാണ് ഇയാള്‍ തെങ്ങ് കയറിയത്. അരയ്ക്കുചുറ്റും കയറും കെട്ടിയിരുന്നു. ഇതു കാരണം ബോധം നഷ്ടമായെങ്കിലും ശരീരം താഴേയ്ക്ക് വീണില്ല. അഗ്നിരക്ഷാസേനയെത്തിയെങ്കിലും ഉണ്ണിയുടെ കാലുകള്‍ മെഷീനില്‍ കുടുങ്ങിക്കിടന്നിരുന്നതുകൊണ്ട് താഴെയിറക്കാനായി ബുദ്ധിമുട്ടി. അഗ്നിരക്ഷാസേനയുടെ ഏണി തെങ്ങിന്റെ മുകള്‍ഭാഗം വരെ എത്തിയില്ല. സമീപത്ത് മരക്കൊമ്പുകളൊന്നുമില്ലാത്തതും തെങ്ങിനു താഴെ കിണറുണ്ടായിരുന്നതും രക്ഷാപ്രവര്‍ത്തനം വളരെയേറെ ദുഷ്‌കരമാക്കി. തുടര്‍ന്ന് റോപ്പ് റെസ്‌ക്യൂവിലൂടെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയുടെ സഹായത്തോടെ പന്ത്രണ്ടോടെയാണ് മൃതദേഹം താഴെയിറക്കിയത്.
വര്‍ഷങ്ങളായി പ്രദേശത്ത് തെങ്ങ് കയറാനും മരം വെട്ടാനും ഉണ്ണിയാണ് വന്നിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രമേഹത്തെ തുടര്‍ന്ന് കുറച്ചുനാള്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച അഞ്ച് വീടുകളില്‍ കയറാനിരിക്കുകയായിരുന്നു. ഇതിനായി രാവിലെയെത്തി ആദ്യ വീട്ടിലെ തെങ്ങില്‍ കയറിയപ്പോഴാണ് മരിച്ചത്. സംഭവമറിഞ്ഞ് ഉണ്ണിയുടെ മകനും സ്ഥലത്ത് എത്തി. ഭാര്യ: മഞ്ജു. മക്കള്‍: ഐശ്വര്യ, അനന്തു. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha