ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി നദിയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ നദിയില്‍ തള്ളിയ ഭര്‍ത്താവിനെ പൊലീസ് പിടികൂടി. ഹൈദരാബാദ് ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദര്‍ ആണ് സ്വാതി(21)യെ ക്രൂരമായി കൊലപ്പെടുത്തിയത്. ടാക്‌സി െ്രെഡവര്‍ ആണ് മഹേന്ദര്‍. ശനിയാഴ്ച വൈകീട്ടോടെയാണ് കൊലപാതകം ഉണ്ടായത്.
മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു. വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പോലീസ് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് നാലരയോടെ ഇയാള്‍ വീട്ടില്‍വെച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി. തലയും കൈകാലുകളും ഉള്‍പ്പെടെ വെട്ടിമാറ്റി. തുടര്‍ന്ന് തലയും കൈകാലുകളും വീട്ടില്‍നിന്ന് കൊണ്ടുപോയി നദിയില്‍ ഉപേക്ഷിച്ചു.ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു.
സംശയം തോന്നിയ സഹോദരി, നഗരത്തിലുള്ള മറ്റൊരുബന്ധുവിനെ വിവരമറിയിക്കുകയും ഇയാള്‍ മഹേന്ദറിനെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയുംചെയ്തു. എന്നാല്‍, പോലീസിനോടും ഭാര്യയെ കാണാനില്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാള്‍ ആവര്‍ത്തിച്ചത്. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചതോടെ അവശേഷിച്ചിരുന്ന മൃതദേഹഭാഗം കണ്ടെടുക്കുകയായിരുന്നു.ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെടുക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്.
വീട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം സ്വാതിയുടേതാണെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസംമാറ്റിയത്. അതേസമയം, മഹേന്ദര്‍ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ പിതാവ് ആരോപിച്ചു. താനും മരുമകനും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മരുമകന്‍ മകളോട് സംസാരിക്കുന്നത് പോലും നിര്‍ത്തി. പക്ഷേ, മകളോട് കാര്യങ്ങള്‍ തിരക്കുമ്പോള്‍ എല്ലാം നല്ലരീതിയില്‍ പോകുന്നുവെന്നും കുഴപ്പമില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവന്‍ മകളെ ഉപദ്രവിക്കുകയായിരുന്നു. തന്റെ മകള്‍ അനുഭവിച്ചതുപോലെ പ്രതിയായ മരുമകനും അനുഭവിക്കണമെന്നും സ്വാതിയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha