മകളെ കാണാനായി ആശുപത്രിയിലേക്ക് പോയ യാത്ര അന്ത്യയാത്രയായി...

ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാനായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദമ്പതിമാര്‍ ബസിടിച്ചു മരിച്ചു. കൊല്ലം പരവൂര്‍ കൂനയില്‍ സുലോചനാഭവനില്‍ ശ്യാം ശശിധരന്‍(58), ഭാര്യ ഷീന(51) എന്നിവരാണ് ദാരുണമായി മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം വെയിലൂരില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം സംഭവിച്ചത്.
കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ആറ്റിങ്ങല്‍ ഭാഗത്തേക്കു പോയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കവേ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് . ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാനായി പോയതായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷീനയും മരണത്തിന് കീഴടങ്ങി.
പ്രവാസിയായിരുന്ന ശ്യാം തിരിച്ചെത്തി പരവൂരില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയായിരുന്നു. അധ്യാപകരായിരുന്ന ശശിധരന്റെയും സുലോചനയുടെയും മകനാണ് ശ്യാം. കാപ്പില്‍ വിബിഎസ് സദനത്തില്‍ പരേതരായ ശിവന്‍പിള്ളയുടെയും ഓമനയുടെയും മകളാണ് ഷീന. ഷീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും ശ്യാമിന്റേത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുമാണ്. മക്കള്‍: ലോപ, ലിയ. മരുമകന്‍: അച്ചു സുരേഷ്
https://www.facebook.com/Malayalivartha