നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്... പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഭവമുണ്ടായത്. വിധി കേട്ടുകഴിഞ്ഞ് ഭാര്യയും ബന്ധുവും ഒരുമിച്ച് തിരുവനന്തപുരത്തെ വസതിയിലേക്ക് പോകാനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തു നില്‍ക്കവേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ നാല് ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോഗ്രാം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് സന്ദീപുളളത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ക്കൊപ്പം മുഖ്യ പ്രതികളിലൊരാളാണ് സന്ദീപ് നായര്‍. കേസില്‍ ഒന്നേകാല്‍ വര്‍ഷത്തോളം കോഫെപോസ കരുതല്‍ തടങ്കലിലായിരുന്ന സന്ദീപ് 2021 ഒക്ടോബറില്‍ ജയില്‍മോചിതനായിരുന്നു.
നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലായ് 11-ന് ബെംഗളൂരുവില്‍ നിന്നാണ് എന്‍ഐഎ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൊട്ടുപിന്നാലെ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളും സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സന്ദീപ് എന്‍ഐഎ, കസ്റ്റംസ് കേസുകളില്‍ നാലാം പ്രതിയും ഇ.ഡി.കേസില്‍ മൂന്നാം പ്രതിയുമാണ് .
https://www.facebook.com/Malayalivartha