"വീണാ ജോർജിന്റെവസതിക്കുള്ളിൽ ശവത്തിന്റെ നാറ്റം"; ഇരച്ചെത്തി പോലീസ്,

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ സംഭവത്തിൽ സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തലസ്ഥാനത്ത് മന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ രാവിലെ മുതൽ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയൻ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നൽകുന്നതെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതൽ സാധാരണക്കാരും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 2025 ജനുവരി 22 ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നോക്കിയാൽ കേരളത്തിലെ ആരോഗ്യ രംഗം എത്ര മാത്രം കുത്തഴിഞ്ഞതാണെന്ന് മനസ്സിലാക്കാം.
കാലാവധി കഴിഞ്ഞ മരുന്നുകൾ വൻതോതിൽ വാങ്ങിക്കൂട്ടി സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്തിന്റെ എല്ലാ രേഖകളും സഹിതമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും ഹോൾസെയിലർമാരും തിരിച്ചയയ്ക്കുന്ന ഉപയോഗശൂന്യമായ മരുന്നുകളുണ്ട് അവ കോടിക്കണക്കിന് രൂപ കമ്പനിക്ക് നൽകി സർക്കാർ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതാണ് സാധാരണക്കാർക്ക് നൽകിയത്. ഇതുവഴി കമ്പനികൾക്ക് കോടികളുടെ ലാഭവും ഇടനില നിന്നവർക്ക് കോടികളുടെ കമ്മിഷനും ലഭിച്ചുവെന്നാണ് വിവരം.
ഒരു പക്ഷേ ആ കാലഘട്ടത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരണപ്പെട്ട പാവപ്പെട്ട പല രോഗികളും ഈ കാലാവധി കഴിഞ്ഞ മരുന്നു കഴിച്ചു മരിച്ചവരാകാം. എന്നാൽ ഇതേപ്പറ്റി ഒരു അന്വേഷണം പോലും ഈ നിമിഷം വരെയും നടന്നിട്ടില്ല. ആരാണ് ഈ കാലാവധി കഴിഞ്ഞ മരുന്നുകൾ വാങ്ങാൻ ഉത്തരവിട്ടത്? ആരാണ് കമ്മിഷൻ കൈപ്പറ്റിയത്?
സർക്കാർ ആശുപത്രികളിലേക്ക് ഒരു മൊട്ടുസൂചി വാങ്ങണമെങ്കിലും ആരോഗ്യ മന്ത്രിയുടെ ഓഫിസിന്റെ അനുമതി വേണം. അപ്പോൾ കാലാവധി കഴിഞ്ഞ മരുന്നു വാങ്ങിയതിന്റെ കമ്മിഷൻ ഗുണഭോക്താക്കൾ ആരാണ് എന്നു കണ്ടു പിടിക്കാൻ പാഴൂർ പടിപ്പുര വരെ പോകണ്ട കാര്യമില്ല. സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിലെ ഗുരുതരമായ ആരോപണത്തിൽ ഇതുവരെ അന്വേഷണം നടക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാണ്. ഇതാരെ സംരക്ഷിക്കാനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
ആശുപത്രികളിലേക്ക് കോടിക്കണക്കിന് രൂപയുടെ ആധുനിക ചികിത്സാ സാമഗ്രികളാണ് സർക്കാർ വാങ്ങിക്കൂട്ടുന്നത്. എന്നാൽ ഇവ പ്രവർത്തിക്കാൻ ആവശ്യമായ ഫിലിം അടക്കമുള്ള പല അടിയന്തിര വസ്തുക്കളും വാങ്ങാൻ മന്ത്രിയുടെ ഓഫീസ് അനുമതി നൽകില്ല. ചുരുക്കത്തിൽ കോടിക്കണക്കിന് രൂപ നൽകി വാങ്ങിയ മെഷീനുകൾ സർക്കാർ ആശുപത്രികളിൽ ഉപയോഗ ശൂന്യമായി ഇരിക്കുകയും ജനത്തിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു. സ്വകാര്യ ലാബുകൾക്ക് ലാഭമുണ്ടാക്കാനുള്ള ഈ കള്ളക്കളിക്ക് മന്ത്രിയുടെ ഓഫീസ് കൂട്ടുനിൽക്കുകയാണ്. ഇതിന് ലഭിക്കുന്ന കമ്മീഷന്റെ ഉപഭോക്താക്കൾ ആരാണ് എന്നതു അന്വേഷിക്കണം.
അതുപോലെ തന്നെ കോടികൾ നൽകി വാങ്ങുന്ന ഈ മെഷീനുകൾക്കുള്ള ആനുവൽ മെയിന്റൻസ് കോൺട്രാക്ടുകൾക്കുള്ള (എഎംസി) തുക നൽകില്ല. അതോടെ ഗ്യാരണ്ടി പിരീഡ് കഴിയുന്ന മുറയ്ക്ക് ഈ മെഷീനുകൾ ഉപയോഗശൂന്യമാകും. സർക്കാർ വീണ്ടും പുതിയ മെഷീനുകൾ വീണ്ടും കോടികൾ നൽകി വാങ്ങും. എന്നിട്ട് കമ്മിഷൻ കൈപ്പറ്റും. ഈ കമ്മിഷൻ രാജ് ആണ് ആരോഗ്യമന്ത്രാലയത്തിൽ നടക്കുന്നത്.
മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വാങ്ങുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതും കോടികളുടെ കമ്മിഷൻ ഇടപാടാണ്. സാധാരണക്കാരന്റെ ജീവൻ വെച്ചാണ് ഇവർ കളിക്കുന്നത്. ഇവർക്കു കിട്ടുന്ന കമ്മിഷന്റെ യഥാർഥ ഇര ഏതെങ്കിലും കുടുംബത്തിന്റെ അത്താണിയുട ജീവനാകാം. അത്ര മനുഷ്യത്വരഹിതമായ അഴിമതിയാണ് ആരോഗ്യവകുപ്പിൽ നടക്കുന്നത്.
ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷൻ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ആരോഗ്യമന്ത്രി തൽസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അന്വേഷണം സ്വതന്ത്രമായി നടക്കാനുള്ള അവസരം നൽകണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വാജ്പേയി സർക്കാരിന്റെ കാലത്തെ ശവപ്പെട്ടി കുംഭകോണത്തിന് സമാനമായി കേരളത്തിൽ കോവിഡ് കാലത്ത് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പി.പി.ഇ. കിറ്റ് വാങ്ങിയപ്പോൾ കയ്യിട്ട് വാരി. എന്നിട്ട് തങ്ങളാണ് ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്തിയതെന്ന് വാദിക്കുന്ന ഇവരുടെ അവകാശവാദം കേട്ടാൽ നാണിച്ചുപോകും. നിവൃത്തിയില്ലാതെ സർക്കാർ ആശുപത്രിയിൽ അഭയം തേടുന്ന പാവങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ ക്യാപ്സൂളുകൾ കിട്ടാനില്ല. അതിന് ചെലവഴിക്കാൻ പണമില്ല. പക്ഷേ, ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഴിമതികളും വീഴ്ചകളും മറച്ച് വയ്ക്കാനുള്ള ന്യായീകരണ ക്യാപ്സൂളുകൾ നിർമ്മിക്കാൻ ഇവിടെ സർക്കാരിന് സമയവും പണവും വേണ്ടുവോളം ഉണ്ട് - ചെന്നിത്തല പറഞ്ഞു.
അതേ സമയം കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ഏറെ വൈകി മന്ത്രി വീണാ ജോർജ് ഡി.ബിന്ദു (52) മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു. വീണാ ജോർജിന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘‘ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’’.
https://www.facebook.com/Malayalivartha