200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍.. രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല.. ഗവര്‍ണര്‍ അതൃപ്തനാണ്..

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സർക്കാരും ഗവർണറും തമ്മിൽ ഒരു പോരിലേക്ക് കാര്യങ്ങൾ എത്തിയത് . വീണ്ടും സംസ്ഥാനത്ത് സമാധാനങ്ങൾ കൈവിട്ടു കൊണ്ട് ഇരിക്കുകയാണ് . കേരള സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല. ശനി-ഞായര്‍ ദിവസങ്ങളിലായിരുന്നു ചര്‍ച്ചകള്‍. സര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും
തടയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിന് രാഷ്ട്രീയ സമവായം വേണമെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. ഇതില്‍ ഗവര്‍ണര്‍ അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് താല്‍കാലിക വിസി മോഹന്‍ കുന്നുമ്മല്‍ കേരള സര്‍വ്വകലാശാലയിലേക്ക് എത്താത്തത്. ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ കേന്ദ്രസര്‍ക്കാരിന്റെ അതിവിശ്വസ്താനായിരുന്നു. അതുകൊണ്ട് തന്നെ രാജ്ഭവനെ അനുസരിക്കുമെന്ന് അര്‍ലേക്കര്‍ കരുതി. എന്നാല്‍ സംസ്ഥാന പോലീസ് മേധാവി കൂടുതല്‍ കൂറ് കാട്ടുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്. സര്‍വ്വകലാശാലയില്‍ ഗവര്‍ണറുടെ എതിര്‍ നിലപാടിലാണ് പിണറായി സര്‍ക്കാര്‍.
ഈ സാഹചര്യത്തിലാണ് അര്‍ലേര്‍ക്കറിന്റെ ആവശ്യം പൂര്‍ണ്ണമായും റവാഡ അനുസരിക്കാത്തത്.സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ ശക്തമായി ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ വി.സിക്ക് പൊലീസ് സംരക്ഷണം നല്‍കിത്തുടങ്ങി. യാത്രകളില്‍ പൊലീസ് വാഹനത്തിന്റെ അകമ്പടിയുണ്ടാവും. പരിപാടികളിലും ഓഫീസിലും പൊലീസിനെ നിയോഗിക്കാമെന്ന് ഉറപ്പ് നല്‍കി. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പോലീസ് പ്രകടനവും മറ്റും നിരോധിച്ചിരുന്നു. എന്നാല്‍ അതിന് ഹൈക്കോടതിയുടെ പഴയ ഉത്തരവിന്റെ പിന്‍ബലമുണ്ടായിരുന്നു. കേരളാ സര്‍വ്വകലാശാലയില്‍ ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് പോലീസ് ഉന്നതര്‍ക്കിടയിലെ പൊതു നിലപാട്. കേരള സര്‍വകലാശാലയില്‍ പ്രതിസന്ധിക്ക് അയവില്ല.
കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ എത്തുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സര്‍വകലാശാല പോകുമ്പോഴും ആഴ്ചകളായി വി സി ഓഫീസില്‍ എത്തിയിട്ടില്ല. ഗവര്‍ണ്ണര്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ കുന്നുമ്മലിന്റെ സുരക്ഷ പോലീസ് ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐക്കാര്‍ നിരവധിയുണ്ട്. ഇവരുടെ അടുത്തേക്ക് വിസി എത്തിയാല്‍ എന്തും സംഭവിക്കാം. ഇതൊഴിവാക്കാനും വിദ്യാര്‍ത്ഥി നേതാക്കളെ കാമ്പസില്‍ നിന്നും മാറ്റാനുമാണ് സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha