ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി

ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയില്‍ വന്നിറങ്ങി. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നോടെയാണ് അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. ഉടന്‍ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.
നാസയിലെ ബഹിരാകാശ നിലയത്തിന്റെ കണ്‍ട്രോള്‍ സെന്ററില്‍ ഐ എസ് ആര്‍ ഒയ്ക്കു മാത്രമായി പ്രത്യേക സെല്‍ അനുവദിച്ചിരുന്നു. ഇന്ത്യയില്‍ നിന്നു എയ്‌റോ സ്‌പേസ് മെഡിസിനില്‍ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടര്‍മാരും നാലു ശാസ്ത്രജ്ഞരും ഭൂമിയില്‍ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയില്‍ ഇവരും ആര്‍ജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കരുത്താവുന്നത്.
ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂണ്‍ 26നാണ് ആക്‌സിയം 4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്. പെഗ്ഗി വിറ്റ്‌സന്‍ (യു എസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
18 ദിവസംനീണ്ട ആക്‌സിയം4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ശുഭാംഭുവും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയത്. ശുഭാംശു പേടകത്തില്‍നിന്ന് പുറത്തിറങ്ങുന്നതിന്റെയും ആഴ്ചകള്‍ക്കുശേഷം ആദ്യമായി ഗുരുത്വാകര്‍ഷണം അനുഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ സഹായിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഇന്ത്യന്‍ സമയം ഏകദേശം 3:01 നാണ് സാന്‍ ഡീഗോയ്ക്ക് സമീപം ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. സ്ഥലത്ത് തയ്യാറാക്കിനിര്‍ത്തിയിരിക്കുന്ന ബോട്ടുകള്‍ പേടകം വീണ്ടെടുത്തു. ശുഭാംശു അടക്കമുള്ളവര്‍ക്ക് ഇനി ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി ഏഴുദിവസം പുനരധിവാസമുണ്ടാകും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും രാകേഷ് ശര്‍മ്മയുടെ 1984ലെ ദൗത്യത്തിന് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഇപ്പോള്‍ ശുഭാന്‍ഷു ശുക്ല. ദൗത്യത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ രംഗത്തെ ഒരു വലിയ കുതിച്ചുചാട്ടമായും രാജ്യത്തിന്റെ വരാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ഒരു നാഴികക്കല്ലായും കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha