അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നതിനുപിന്നാലെ നിരവധി വിവാദങ്ങളാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്നത്.ഏറ്റവും ഒടുവിലായി ഉയർന്നത് 56 വയസ്സുള്ള ക്യാപ്റ്റൻ സുമീത് സബർവാളിന് വിഷാദരോഗവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു എന്നാണ്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപകടം നടന്നത്. ഇപ്പോൾ പൈലറ്റിന്റെ മെഡിക്കൽ രേഖകൾ എയർ ഇന്ത്യ ക്രാഷ് ഇൻവെസ്റ്റിഗേറ്റർമാർ പരിശോധിച്ചുവരികയാണ്.
അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകൾ ആരോപിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടുപോകുന്നില്ല. ഇന്ത്യയിലെ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് യു.എസിലെ മാദ്ധ്യമങ്ങൾക്ക് ചോർന്നത് എങ്ങനെയാണെന്നും സംഘടനകൾ ചോദിക്കുന്നു. യു.എസിലെ ബോയിംഗ് കമ്പനിയെയും എയർ ഇന്ത്യയെയും രക്ഷിക്കാനുള്ള നീക്കമാണോയെന്ന് ആശങ്ക പ്രകടിപ്പിച്ച സംഘടനകൾ കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിലെ (സി.വി.ആർ) പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം മുഴുവനായി പുറത്തുവിടാത്തത് ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടി. എൻജിനുകൾക്കോ, ബോയിംഗ് സിസ്റ്റത്തിനോ പ്രാഥമിക പരിശോധനയിൽ തകരാറില്ലെന്ന കണ്ടെത്തലിനെ സംഘടനകൾ തള്ളിക്കളഞ്ഞു.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ"പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്" പൊസിഷനിലേക്ക് മാറിയതിനെപ്പറ്റി റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് ചരൺവീർ സിംഗ് രൺധാവ പറഞ്ഞു. ഇലക്ട്രിക്കൽ, സോഫ്റ്ര്‌വെയർ തകരാർ കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുക. ബോയിംഗ് 737 ശ്രേണിയിലെ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചറിന്റെ അപാകത സംബന്ധിച്ച് 2018ൽ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിനും സമാന സ്വിച്ച് സംവിധാനമാണ്. സഹപൈലറ്ര് ക്ലീവ് കുന്ദേറാണ് വിമാനം പറത്തിയതെന്ന് മനസിലാക്കുന്നു. മുഖ്യ പൈലറ്റ് സുമീത് സബർവാളിന് മേൽനോട്ടവും. അവർ സ്വിച്ചുകളിൽ തൊട്ടോയെന്നതിൽ റിപ്പോർട്ടിൽ മിണ്ടാട്ടമില്ല. അഥവാ തൊട്ടെങ്കിൽ തന്നെ 'കട്ട്ഓഫിൽ" നിന്ന് 'റൺ" പൊസിഷനിലേക്ക് മാറ്റാനായിരിക്കും.
https://www.facebook.com/Malayalivartha