ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്....

ഏവരേയും കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്. മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ മറഞ്ഞ അര്‍ജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സെപ്റ്റംബര്‍ 25നാണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിന്റെ ഘട്ടങ്ങളില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.
കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേയ്ക്കും മറുവശത്തുള്ള നദിയിലേയ്ക്കും കുത്തിയൊലിച്ച് പതിച്ചത്.
72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയില്‍ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി കിടന്നത്.
മൂന്നാം ഘട്ടത്തില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha