സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട

സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ പോരിന് നില്‍ക്കുകയാണ് സമസ്ത. ആര് പോരെടുത്താലും വിലപ്പോകില്ലെന്ന് കട്ടായം പറഞ്ഞ് മന്ത്രി ശിവന്‍ കുട്ടിയും. സര്‍ക്കാര്‍ സമസ്തയുടെ താളത്തിന് തുള്ളാന്‍ നില്‍ക്കരുതെന്ന് അഭിപ്രായം ഉയരുന്നു. മുഖ്യമന്ത്രി സമസ്തയുടെ മുന്നില്‍ മുട്ടിടിച്ച് സമയമാറ്റത്തില്‍ പ്ലേറ്റുമാറ്റിയാല്‍ സര്‍ക്കാരിനും സിപിഎമ്മിനും നാണക്കേടുണ്ടാക്കും. വിഷയത്തില്‍ പിണറായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌കൂള്‍ വിഷയത്തില്‍ ഇടപെടാന്‍ സമസ്ത ആരാണെന്ന് പച്ചയ്ക്ക് ചോദിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍. സമസ്തയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രത്തില്‍ തുറന്നെഴുത്ത്. പൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യമാണെന്ന് പൊട്ടിത്തെറിച്ച് ദീപിക. സീസറിനുള്ളതു ദൈവത്തിനു വേണ്ട' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കടുത്ത വിമര്‍ശനം. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മാറ്റരുതെന്ന് പറയുന്നവര്‍ തന്നെ മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയാണോ എന്നും ദീപിക കുറ്റപ്പെടുത്തി.
ദീപികയുട മുഖപ്രസംഗം ഇങ്ങനെ:
ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയോ മാറ്റം വരുത്തിയ സ്‌കൂള്‍ സമയം സംബന്ധിച്ച് മുസ്ലിം സംഘടനയായ സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യപരമാണ്. പക്ഷേ, സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സമസ്ത ഏകോപനസമിതിയെടുത്ത തീരുമാനങ്ങളായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതു മതേതരത്വ വിരുദ്ധമാണ്.
സമയമാറ്റത്തിലെ അധിക അര മണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്തിദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചുകൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നു പറയുകയോ
'കേരള കരിക്കുലം ഫ്രെയിം വര്‍ക്ക് 2007' പുറത്തുവന്നതോടെ തുടങ്ങിയതാണ് സമയമാറ്റ ചര്‍ച്ച. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം2009 അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠനസമയം വേണം. പക്ഷേ, ഒരിക്കലും നടപ്പായില്ല. ശനിയാഴ്ചകള്‍ അധ്യയനദിനമാക്കുന്നതിനെതിരേ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ റദ്ദാക്കി. വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കാന്‍ 2024 ഓഗസ്റ്റില്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എല്‍പി ക്ലാസുകളില്‍ 198 പ്രവൃത്തിദിനങ്ങള്‍ക്കുള്ള നിശ്ചിത 800 മണിക്കൂര്‍ നിലവിലുണ്ട്. യുപി ക്ലാസുകളില്‍ 200 പ്രവൃത്തിദിനങ്ങളിലെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി.
ഹൈസ്‌കൂളുകളില്‍ 1,100 മണിക്കൂറിനുള്ള 220 പ്രവൃത്തിദിവസം ഉറപ്പാക്കാന്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതമാണ് വര്‍ധിപ്പിച്ചത്. രാവിലെ 9.45 മുതല്‍ വൈകുന്നേരം 4.15 വരെയാണ് പുതിയ സമയം. പക്ഷേ, 2025 ജൂണ്‍ പത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ സമസ്ത രംഗത്തെത്തി. മദ്രസ മതപഠനത്തിന്റെ സമയം നഷ്ടമാകുമെന്നതാണ് കാരണം.
മദ്രസപഠനത്തിനു മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വാദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മറ്റു മതസ്ഥര്‍ തങ്ങളുടെ ആരാധനകള്‍ക്കും മതപഠനങ്ങള്‍ക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളത്. അതുപോലും സര്‍ക്കാര്‍ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കു പ്രാര്‍ഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.
പുതിയ സ്‌കൂള്‍ സമയക്രമത്തിലും അത് ഒഴിവാക്കിയിട്ടുണ്ട്. അതിനു പുറമേയാണ്, എല്ലാ മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കുംവേണ്ടിയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന ആവശ്യം. സമാന ആവശ്യങ്ങള്‍ മറ്റുള്ളവരും ഉന്നയിച്ചാല്‍ കാര്യങ്ങള്‍ എവിടെയെത്തും ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നല്‍കുന്നുള്ളുവെന്നും ഇത് ചൂണ്ടിക്കാണിച്ചാല്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി 2022 ഡിസംബറില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു.
പക്ഷേ, മറ്റാര്‍ക്കും നല്‍കാത്ത പ്രാര്‍ഥനാസൗകര്യം എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ക്കു ലഭിക്കുന്നതോ അതിനെ മറ്റുള്ളവര്‍ മാനിക്കുന്നതോ അദ്ദേഹം മറന്നു. മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സിബിഎസ്ഇയില്‍ ഉള്‍പ്പെടെ കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ഥികള്‍ക്ക് മദ്രസ പഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയുള്ളതായി കേട്ടിട്ടില്ല.
മദ്രസയിലെയും പൊതുവിദ്യാലയങ്ങളിലെയും പഠനസമയം വര്‍ധിക്കുന്നത് കുട്ടികളെ ക്ഷീണിതരാക്കുമെന്ന വാദവും ചിലര്‍ ഉന്നയിച്ചു കണ്ടു. അതില്‍ കാര്യമുണ്ട്. പക്ഷേ, സ്‌കൂള്‍ പഠനത്തിനു പുറമേ, സ്വന്തം കുട്ടികള്‍ക്കുമേല്‍ രണ്ടു മണിക്കൂര്‍ മദ്രസ പഠനംകൂടി ചുമത്തിയവരുടേതാണ് ഈ രോദനം. മദ്രസ പഠനസമയത്തില്‍നിന്ന് 15 മിനിറ്റ് കുറച്ചാല്‍ ഇതു പരിഹരിക്കാവുന്നതല്ലേ കോവിഡ് കാലത്തെന്നപോലെ ഓണ്‍ലൈന്‍ മദ്രസ പഠനവും പലരും നിര്‍ദേശിക്കുന്നുണ്ട്. ഇതൊന്നും സ്വീകാര്യമല്ലെങ്കില്‍, മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവില്‍ മദ്രസ പഠനത്തിനു സമയം കണ്ടെത്താന്‍ ശ്രമിക്കരുത്.
സ്‌കൂള്‍ സമയമാറ്റത്തില്‍ പിറകോട്ടില്ലെന്നും തീരുമാനം മാറ്റാന്‍ വേണ്ടിയല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍വേണ്ടിയാണ് എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുന്നതെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. 12 ലക്ഷത്തോളം മദ്രസ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന വിഷയത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമസ്ത. പക്ഷേ, അതിലേറെ വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍നിന്ന് മന്ത്രി പിന്മാറുമോയെന്ന് അറിയില്ല. മുസ്ലിം മതമൗലികവാദ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സൂംബ ഡാന്‍സ് ചുവട് ഇടറി നില്‍ക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് മതങ്ങളും സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയതല്ല.
അപ്പോഴൊക്കെ കോടതികള്‍ ഇടപെടുകയും ന്യായം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ന്യായമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ സമസ്തയ്ക്കും സമാന സംഘടനകള്‍ക്കും കോടതിയെ സമീപിക്കാം. ജനാധിപത്യമതേതര സംവിധാനത്തില്‍ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേ മതിയാകൂ. തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സീസറിനുള്ളതും ദൈവത്തിനു കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഇതൊരു പുതുവഴിയായിരിക്കും; മറ്റു മൗലികവാദങ്ങള്‍ക്കും കടന്നുകയറാനുള്ളത്. ഞായറാഴ്ചകളെയും വിശുദ്ധ ദിനങ്ങളെയുംപോലും പ്രവൃത്തിദിനമാക്കിയിട്ടുള്ള സര്‍ക്കാരിന്റെ തീരുമാനം അറിയാന്‍ കൗതുകമുണ്ട്.
https://www.facebook.com/Malayalivartha