ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി

ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി ധനസഹായം കൈമാറി. കെഎസ്ഇബി ചീഫ് എഞ്ചിനീയറും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വീട്ടിലെത്തി അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നല്‍കിയത്. മിഥുന്റെ പിതാവ് മനുവും അനുജന്‍ സുജിനും ചേര്‍ന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്.
നേരത്തെ തേവലക്കര ബോയ്‌സ് എച്ച് എസില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം മന്ത്രിമാര്‍ കുട്ടിയുടെ വീട്ടിലുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് മിഥുന്റെ വീട്ടിലെത്തിയത്. മിഥുന്റെ പിതാവുമായി മന്ത്രിമാര്‍ സംസാരിച്ചു. സര്‍ക്കാര്‍ മിഥുനൊപ്പമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മിഥുന്‍ മരിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലെത്തിയ മിഥുന്‍ ക്ലാസ് മുറിയില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളില്‍ വീണു. ഇതെടുക്കാനായി ഡെസ്‌ക്കിന് മുകളില്‍ കസേരയിട്ട് മിഥുന്‍ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികള്‍ക്കിടയിലൂടെ ഷെഡിന് മുകളില്‍ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാല്‍വഴുതി ത്രീ ഫേസ് ലോടെന്‍ഷന്‍ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകന്‍ തടിപ്പാളികള്‍ പൊളിച്ച് ഷെഡിന് മുകളില്‍ കയറി പലക ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതല്‍ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേര്‍പ്പെടുത്തുകയായിരുന്നു. പൊള്ളല്‍ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിച്ചു.
https://www.facebook.com/Malayalivartha