ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി

പരോള്‍ വ്യവസ്ഥ ലംഘിച്ചതിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി പാലിച്ചില്ലെന്ന മീനങ്ങാടി സ്‌റ്റേഷന്‍ സി ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ജൂലായ് ഇരുപത്തിയൊന്നിനാണ് സുനിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്.
അതേസമയം, കൊടി സുനിക്ക് മദ്യം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ ഇന്നലെ മൂന്നു സിവില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 17ന് നടന്ന സംഭവത്തിലാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരിക്കുന്നത്.
തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിക്കാണ് കൊടി സുനിയും മറ്റ് പ്രതികളും മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി. നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ജയിലില്‍ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലുമൊക്കെ പ്രതിയാണ് കൊടി സുനി.
https://www.facebook.com/Malayalivartha