ഉത്തരാഖണ്ഡിലെ ധാരാലിയില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതം...

ഉത്തരാഖണ്ഡിലെ ധാരാലിയില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതം. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആകെ എണ്ണം 700 ആയി.
അതേസമയം, മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നാണ് സൂചനകള്‍. ഇവരെ വെള്ളിയാഴ്ച എയര്‍ലിഫ്റ്റ് ചെയ്ത് ഉത്തരകാശിയില്‍ എത്തിച്ചു.
ഇവിടെ നിന്ന് ഡെറാഡൂണ്‍ വഴിയാണ് സംഘം നാട്ടിലേക്ക് മടങ്ങുക. ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ 28 മലയാളി കുടുംബങ്ങളില്‍ 20 പേര്‍ മുംബൈ മലയാളികളും എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. അതിനിടെ, ധാരാലി ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയ അപകടത്തില്‍ ഇനിയും നിരവധി പേരെ കണ്ടുകിട്ടാനുണ്ട്.
പൊലീസ് നായ്ക്കളും ഡ്രോണും ഉള്‍പ്പെടെ അണിനിരത്തിയാണ് ദൗത്യം. രണ്ട് ചിനൂക് കോപ്ടറുകള്‍, വ്യോമസേനയുടെ രണ്ട് എം.ഐ 17 കോപ്ടറുകള്‍, ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ വികസന അതോറിറ്റിയുടെ എട്ട് ചോപ്പറുകള്‍ തുടങ്ങിയവ വിവിധ ദൗത്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) 800ല്‍ അധികം പേരും ദേശീയ ദുരന്തനിവാരണ സേനയില്‍ നിന്നുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha