ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതകോണ്‍ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതകോണ്‍ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും ഇത് പരിഗണിക്കാന്‍ ഇടയില്ല. സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഇതിന് എതിരാണുള്ളത്.
ബി നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടാകും. ഇപ്പോള്‍ തന്നെ വിവിധ ഭക്തജന സംഘടനകള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സുപ്രീംകോടതി നിര്‍ദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം. സമിതിയുടെ ചെയര്‍മാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ.പി.അനില്‍കുമാറാണ്. തിരുവിതാകൂര്‍ രാജകുടുംബാംഗം പ്രതിനിധി ആദിത്യവര്‍മ്മ, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കരമന ജയന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായര്‍, തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരാണ് മറ്റംഗങ്ങള്‍.
നിലവറ തുറക്കുന്ന കാര്യം പരിഗണനയിലേയില്ല എന്ന് കരമന ജയന്‍ പറഞ്ഞു. രാജകുടുംബവും തന്ത്രിയും നിലവറ തുറക്കരുതെന്ന് സുപ്രീംകോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. അതിനാല്‍ ഭരണ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍നായരുടെ നിര്‍ദേശത്തോട് ആരും യോജിക്കില്ല. ഇനി ഒരു ചര്‍ച്ചയും ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ് നിലവറയെന്നും ഇത് തുറക്കുന്നത് ആചാരവിരുദ്ധമാെണന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആചാരപരമായ കാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയാണ് തീരുമാനമെടുക്കുന്നത്.സുപ്രീംകോടതി ബി നിലവറ തുറക്കുന്ന കാര്യം ഭരണസമിതിയുടെ തീരുമാനത്തിന് വിട്ടതാണ്. നിലവില്‍ ഇത് തുറക്കേണ്ട യാതൊരു സാഹചര്യവുമില്ല.
https://www.facebook.com/Malayalivartha